നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി
കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (എസ്.ഐ.ആർ) നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി റിപ്പോർട്ട്. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെ പ്രകാശ് രാജ് തന്നെയാണ് തന്റെ വോട്ടവകാശം നഷ്ടപ്പെട്ട വിവരം പുറത്തുവിട്ടത്.
ബംഗളൂരു: കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (എസ്.ഐ.ആർ) നടപടികൾ പുരോഗമിക്കുന്നതിനിടയിൽ, നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി റിപ്പോർട്ട്. എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെ പ്രകാശ് രാജ് തന്നെയാണ് തന്റെ വോട്ടവകാശം നഷ്ടപ്പെട്ട വിവരം പുറത്തുവിട്ടത്.
താൻ ബംഗളൂരുവിൽ ജനിച്ച് വളർന്നയാളാണെന്നും, ഇവിടെയാണ് തന്റെ സ്കൂൾ-കോളജ് വിദ്യാഭ്യാസവും നാടക പ്രവർത്തനങ്ങളും കഴിഞ്ഞതെന്നും പ്രകാശ് രാജ് വിഡിയോയിൽ വ്യക്തമാക്കുന്നു. ‘ബംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം എടുത്തുകളയപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ലൊരു തമാശ, അല്ലേ?’ എന്ന് പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു. ഇനി തന്റെ വോട്ട് തിരികെ ലഭിക്കാൻ ഏതെല്ലാം രേഖകളാണ് അധികാരികൾക്ക് മുന്നിൽ സമർപ്പിക്കേണ്ടി വരിക എന്നും അദ്ദേഹം ആശങ്കയോടെ ചോദിച്ചു. എന്തൊക്കെ രേഖകൾ കാണിക്കേണ്ടിവരും എന്ന് ഹിന്ദിയിൽ ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഇതിലെ നടപടിക്രമങ്ങളുടെ സങ്കീർണ്ണതയെ പരിഹസിച്ചത്.
മുമ്പ് ഇതേ മണ്ഡലത്തിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയിട്ടുള്ള വ്യക്തിയാണ് പ്രകാശ് രാജ്. അതേസമയം തന്റെ വോട്ടർ ഐ.ഡി തിരികെ ലഭിക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് താൻ നേരിട്ട് കണ്ടെത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കളി തുടങ്ങിക്കഴിഞ്ഞു, എന്റെ വോട്ടർ ഐ.ഡി തിരികെ ലഭിക്കാൻ ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകേണ്ടതെന്ന് എനിക്ക് കാണണം’ - പ്രകാശ് രാജ് വെല്ലുവിളിച്ചു.
ഇതിനിടെ ജനങ്ങളുടെ രാഷ്ട്രീയ അധികാരം തടയാൻ അധികാരികൾക്ക് കഴിയുമോ എന്നും നടൻ സർക്കാരിനോട് ചോദിക്കുന്നുണ്ട്. "നിങ്ങളെ തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത ഏതാനും പൗരന്മാരുടെ വോട്ടവകാശം തടയാൻ നിങ്ങളുടെ അധികാരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ നിങ്ങളെ താഴെയിടാനുള്ള ഞങ്ങളുടെ ജനകീയ ശക്തിയെ തടയാൻ എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങൾക്ക് കഴിയുമോ?" എന്ന് ചോദിച്ചുകൊണ്ടാണ് പ്രകാശ് രാജ് തന്റെ വിഡിയോ അവസാനിപ്പിച്ചത്. വോട്ടർ പട്ടികയിലെ ഈ ഒഴിവാക്കലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
നേരത്തേ ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐ.ഡി കാർഡുകൾ കൈവശം വെച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 4,000 രൂപയുടെ ക്യാഷ് ഷ്യൂറിറ്റി ബോണ്ട് നൽകിയതിനെത്തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.