അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്.

 

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം  കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. 

ഈ കാലയളവിന് ഉള്ളില്‍ സൂപ്പര്‍ താരം എന്ന പദവി കൂടാതെ ഇന്ത്യന്‍ സിനിമാലോകത്തിന്  തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. 'മിര്‍ച്ചി' എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രഭാസിന് നല്‍കിയ പേരായ 'റിബല്‍ സ്റ്റാര്‍'. അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേര്‍ന്നതായിരുന്നു ആ വിശേഷണം.  

ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു.തന്റെ അഭിനയനാള്‍ വഴികളിലിന്നോളം ഇന്ത്യന്‍ സിനിമയില്‍ ബ്ലോക്ക്ബസ്റ്റര്‍ റെക്കോര്‍ഡുകള്‍ നേടുവാനും പ്രഭാസ് നായകനായി എത്തിയ ബാഹുബലി, സാഹോ, സലാര്‍, കല്‍ക്കി 2898 എഡി എന്നീ സിനിമകള്‍ക്ക് സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

പ്രഭാസിന്റെ അഭിനയമികവ് കാണുവാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ദൃശ്യവിരുന്ന് സമ്മാനിക്കുവാന്‍ താരത്തിന് ആകുന്നുവെന്നത് വന് തുക നിക്ഷേപിക്കുവാന്‍ നിര്മ്മാതാക്കളെ നിര്‍ബന്ധിതരാക്കുന്നുണ്ട് എന്ന് വേണം പറയാന്‍. ബാഹുബലിക്ക് ശേഷം കല്‍ക്കിയിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്കുള്ളത് എന്നതിന്റെ തെളിവാണ് അദ്ദേഹത്തിനായി അണിയറയില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രങ്ങള്‍. 

പ്രഭാസ് പ്രധാന വേഷത്തിലെത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സലാര്‍ പാര്‍ട്ട് വണ്ണിന്റെ തുടര്‍ച്ചയായ സലാര്‍2: ശൗര്യംഗ പര്‍വ്വമാണ് ഇനി പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. മലയാള സിനിമാതാരം പൃഥ്വിരാജ് പ്രഭാസിനൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്.പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഹോംബെയ്ല്‍ ഫിലിംസിന് കീഴില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മ്മിക്കുന്ന  ആക്ഷന്‍ ഡ്രാമ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്  പ്രഭാസിന്റെ ആരാധകര്‍. ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിയറ്ററില്‍ അത്ഭുതം സൃഷ്ടിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം.

പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പ്രധാന ചിത്രമാണ് സ്പിരിറ്റ്. ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ താരത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്പിരിറ്റിനായി കാത്തിരിക്കുന്നത്. പ്രമുഖ സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ പ്രൊജക്ട് കൂടിയാണ്. അതിനാല്‍ തന്നെ സന്ദീപ്- പ്രഭാസ് കെമിസ്ട്രി അറിയാനുള്ള ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. 

പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റേതായി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന മറ്റൊരു ചിത്രം 1940 കളില്‍ നടന്ന ഒരു ചരിത്ര കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഹനു രാഘവ്പുടി പ്രോജക്ട് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തില്‍, സുദീപ് ചാറ്റര്‍ജി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ ചിത്രവും വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.