അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടി കേന്ദ്രസർക്കാർ വിലക്ക്
അശ്ലീല ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. മൂഡ് എക്സ് വിഐപി, കോയൽ പ്ലേ പ്രോ, ഡിജി മൂവിപ്ലെക്സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. വാർത്താ പ്രക്ഷേപണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.
2025 ജൂലായിലും അശ്ലീല ഉള്ളടക്കൾ സംപ്രേഷണം ചെയ്ത 25 ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട ആപ്പുകൾക്കെതിരെ സർക്കാർ സമാനമായ നടപടി സ്വീകരിച്ചിരുന്നു. ആൾട്ട്, ഉല്ലു, ബിഗ്ഷോട്സ് ആപ്പ്, ഡേസിഫ്ളിക്സ്, ബൂമെക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ്, കങ്കൺ ആപ്പ്, ബുൾ ആപ്പ്, ജൽവ ആപ്പ്, ഷോഹിറ്റ്, വൗ എന്റർടെയിൻമെൻറ്, ലുക്ക് എന്റർടെയ്ൻമെന്റ്, ഹിറ്റ് പ്രൈം, ഫിനിയോ, ഷോഎക്സ്, സോൾ ടാക്കീസ്, അഡ്ഡ ടിലി, ഹോട്ട്എക്സ് വിഐപി, ഹുൽചുൽ ആപ്പ്, മൂഡ്എക്സ്, നിയോൺ എക്സ് വൈഐപി, ഫ്യുജി, മോജ്ഫ്ലിക്സ്, ട്രൈഫ്ലിക്സ് എന്നിവയാണ് നിരോധിക്കപ്പെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ-ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് -ഐടി മന്ത്രാലയം, നീതിന്യായ വകുപ്പ് എന്നിവരുമായി കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വനിതാ ശിശു അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ എന്നിവരും ആപ്പുകൾ വിശകലനം ചെയ്യുന്നതിൽ പങ്കാളികളായി. 2021 ലെ ഐടി നിയമങ്ങൽ (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾ 3(1)(ബി) പ്രകാരമാണ് സർക്കാരിന്റെ നടപടി. ഇതുപ്രകാരം അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതോ, ലിംഗാടിസ്ഥാനത്തിൽ അപമാനിക്കുന്നതോ പീഡിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളും വംശീയമായി ആക്ഷേപകരമായതോ വെറുപ്പും അക്രമവും പ്രോത്സാഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല.
ഇന്ത്യൻ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കണമെങ്കിൽ, സ്ഥാപനങ്ങൾ ഈ ചട്ടങ്ങൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 2021 ലെ ഐടി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഐടി ആക്ടിലെ സെക്ഷൻ 79 പ്രകാരം അവർക്ക് ലഭിക്കുന്ന ഇളവ് നഷ്ടമാകും. നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള തുടർനടപടികൾക്കോ പ്രോസിക്യൂഷനോ അവർ ബാധ്യസ്ഥരായിരിക്കും.
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾക്കുമേൽ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി.