കട്ടത്താടിയിൽ തുളച്ചുകയറുന്ന നോട്ടവുമായി പെപ്പെ! 'ക്യാരക്ടർ പോസ്റ്റർ പുറത്ത്
ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' സിനിമയിൽ ആന്‍റണി വർഗ്ഗീസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ സ്വന്തം പേരിൽ തന്നെയാണ് പെപ്പെ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റൈലിഷ് ലുക്കിൽ കട്ടത്താടിയിൽ നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായാണ് പെപ്പെയുടെ ക്യാരക്ടർ പോസ്റ്റർ എത്തിയിരിക്കുന്നത്. മെയ് 28നാണ് കാട്ടാളൻ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.
ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ. . 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.