'പെഡ്ഡി'ക്കായി ഒരേസമയം  മൂന്ന് ശരീരപ്രകൃതികളിലേക്ക് മാറേണ്ടി വന്നത് ശരീരത്തിന് വലിയ രീതിയിൽ 'പീഡനമായി' മാറി,  തൻറെ മകളെപോലും എടുക്കാൻ പ്രയാസപ്പെടുന്നു : രാം ചരൺ

 വരാനിരിക്കുന്ന ബിഗ് ബജറ്റ് സ്പോർട്സ് ആക്ഷൻ ചിത്രമായ 'പെഡ്ഡി'ക്കായുള്ള തെന്നിന്ത്യൻ മെഗാസ്റ്റാർ രാം ചരണിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.
 

 വരാനിരിക്കുന്ന ബിഗ് ബജറ്റ് സ്പോർട്സ് ആക്ഷൻ ചിത്രമായ 'പെഡ്ഡി'ക്കായുള്ള തെന്നിന്ത്യൻ മെഗാസ്റ്റാർ രാം ചരണിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ തരംഗം സൃഷ്ടിക്കുമ്പോഴും, അതിന് പിന്നിൽ താരം അനുഭവിച്ച കഠിനാധ്വാനവും ശാരീരിക വേദനകളും ഇപ്പോൾ പുറത്തുവരികയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പം ഹൈദരാബാദിൽ നടത്തിയ യാത്രാമധ്യേയാണ് താൻ കടന്നുപോയ കഠിനമായ വഴികളെക്കുറിച്ച് താരം മനസ്സ് തുറന്നത്.

സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതക്കായി ഒരേസമയം വ്യത്യസ്തമായ മൂന്ന് ശരീരപ്രകൃതികളിലേക്ക് മാറേണ്ടി വന്നത് ശരീരത്തിന് വലിയ രീതിയിൽ 'പീഡനമായി' മാറിയെന്ന് രാം ചരൺ സംവിധായകനോട് പറഞ്ഞു. ആദ്യം ഒരു ക്രിക്കറ്റ് കളിക്കാരന്റെ മെലിഞ്ഞ ശരീരപ്രകൃതിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം കബഡി കളിക്കാരനാകാൻ വേണ്ടി ശരീരം അല്പം കൂട്ടി ബൾക്കാക്കേണ്ടി വന്നു. തൊട്ടുപിന്നാലെ ഒരു ഗുസ്തിക്കാരന്റെ ഭാരമേറിയ ശരീരത്തിലേക്ക് മാറാനും സംവിധായകൻ ആവശ്യപ്പെട്ടു. പെട്ടെന്നുള്ള ഈ മാറ്റങ്ങൾ ശരീരത്തെയും പേശികളെയും കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് താരം വെളിപ്പെടുത്തി.

ഷൂട്ടിങ് സമയത്ത് ഇഷ്ടമുള്ള ജോലി ചെയ്യുന്നതുകൊണ്ട് ഈ ക്ഷീണമൊന്നും അറിഞ്ഞിരുന്നില്ലെന്നും, എന്നാൽ ചിത്രീകരണം പൂർത്തിയായതോടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വേദനകൾ പുറത്തുവരാൻ തുടങ്ങിയെന്നും രാം ചരൺ പറയുന്നു. ഈ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പോലും ബാധിക്കുന്നുണ്ട്. സ്വന്തം മകളായ ക്ലിൻ കാരയെ കൈകളിൽ എടുക്കുമ്പോൾ പോലും കൈക്ക് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും, ഒരു എക്സ്-റേ എടുത്ത് നോക്കേണ്ട അവസ്ഥയിലാണ് താനെന്നും താരം ആശങ്ക പങ്കുവെച്ചു. ഗുസ്തി രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ തുടർച്ചയായി ഉണ്ടായ ബല പ്രയോഗങ്ങൾ കാരണം കൈകൾക്ക് വിറയൽ അനുഭവപ്പെട്ടിരുന്നു.