ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയമാണ് ‘പേട്രിയറ്റ്’  കൈകാര്യം ചെയ്യുന്നത്, കുറവുകളുണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടു ; പൃഥ്വിരാജ്

 മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വമ്പൻ താരനിര അണിനിരന്ന ചിത്രം റിലീസിന് മുൻപ് തന്നെ

 

 മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വമ്പൻ താരനിര അണിനിരന്ന ചിത്രം റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ സ്റ്റാർ കാസ്റ്റ് തന്നെയാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ വ്യക്തിപരമായ അഭിപ്രായം തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നു. ഒരു അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.

സിനിമയുടെ റിലീസിന് മുൻപ് തന്നെ ഇതിന്റെ തിരക്കഥ വായിക്കാനും മഹേഷ് നാരായണനിൽ നിന്ന് കഥ കേൾക്കാനും തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ആദ്യ നരേഷനിൽ തന്നെ ഇതൊരു ഗംഭീര തിരക്കഥയാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. പൂർണമായും പെർഫെക്ട് ആയ സിനിമകൾ ഉണ്ടാകാറില്ലെന്നും, തിരക്കഥയിൽ നിന്ന് ദൃശ്യാവിഷ്കാരത്തിലേക്ക് വന്നപ്പോൾ ചില കാര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ നന്നായേനെയെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ചിത്രത്തിലെ വമ്പൻ താരനിര സൃഷ്ടിച്ച സമ്മർദ്ദത്തെക്കുറിച്ചും പൃഥ്വിരാജ് തുറന്നുപറഞ്ഞു. സിനിമയിൽ വലിയ സ്റ്റാർഡത്തിന്റെ ബാധ്യത ഇല്ലായിരുന്നെങ്കിൽ അണിയറപ്രവർത്തകർക്ക് കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോകാമായിരുന്നു. രണ്ട് പ്രധാന താരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല താനിത് പറയുന്നതെന്നും, പ്രധാന കഥാപാത്രങ്ങളെല്ലാം വലിയ താരങ്ങൾ ചെയ്തതുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ ആ താരപരിവേഷം സിനിമയ്ക്ക് ഒരു പരിധി വരെ സമ്മർദ്ദമായിട്ടുണ്ടാകാം എന്നും അദ്ദേഹം നിരീക്ഷിച്ചു. എങ്കിൽ പോലും മഹേഷ് നാരായണൻ അതിഗംഭീരമായി ഒരുക്കിയ വൈകാരിക മുഹൂർത്തങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള ചില രംഗങ്ങളും സിനിമയിലുണ്ടെന്നും കുറവുകളുണ്ടെങ്കിലും താൻ ‘പേട്രിയറ്റ്’ എന്ന ചിത്രം വളരെയധികം ആസ്വദിച്ചുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.