തനിക്ക് എഡിഎച്ച്ഡി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത്

തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. അവതാരകയും യൂട്യൂബറുമായ രഞ്ജിനി ഹരിദാസിന്റെ ചാനലിൽ സംസാരിക്കവെയാണ് താരം ഈ കാര്യം പങ്കുവെച്ചത്.

 

തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. അവതാരകയും യൂട്യൂബറുമായ രഞ്ജിനി ഹരിദാസിന്റെ ചാനലിൽ സംസാരിക്കവെയാണ് താരം ഈ കാര്യം പങ്കുവെച്ചത്. സ്വന്തം അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോഴും, അതിനെ അനാവശ്യമായി വലുതാക്കി കാണിക്കാനോ ഊതിപ്പെരുപ്പിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് പാർവതി വ്യക്തമാക്കി.

‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, പക്ഷേ അതിനെ വലിയൊരു സംഭവമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് സമയം എന്നത് വലിയൊരു കാര്യമല്ല. എനിക്ക് സമയം വലിച്ചുനീട്ടണമെന്ന് തോന്നിയാൽ ഞാൻ അങ്ങനെ ചെയ്യും. സമയം ഇലാസ്റ്റിക് ആണ്. അതുകൊണ്ട് എനിക്ക് ഉറക്കം നഷ്ടപ്പെടുമെന്നല്ല അർത്ഥം. എനിക്ക് വേണ്ട ഉറക്കം ഞാൻ കണ്ടെത്തും’ പാർവതി പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഒരേസമയം നിരവധി പ്രോജക്റ്റുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പാർവതി സമ്മതിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, മുൻപൊരിക്കലുമില്ലാത്ത വിധം സ്വന്തം അതിരുകൾ ഭേദിക്കാൻ തീരുമാനിച്ചതായും, വരുന്ന മൂന്ന് വർഷം മുൻപൊരിക്കലുമില്ലാത്ത രീതിയിൽ കഠിനാധ്വാനം ചെയ്യാൻ തയാറെടുക്കുകയാണെന്നും താരം വ്യക്തമാക്കി.

കരിയറിലും വ്യക്തിജീവിതത്തിലും പുതിയൊരു സമീപനമാണ് താരം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മുൻപ് കാര്യങ്ങൾ ഒതുങ്ങിയ രീതിയിലായിരുന്നുവെങ്കിൽ, ഇപ്പോൾ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും പ്രോജക്റ്റുകളും ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് പാർവതിയുടെ തീരുമാനം. ‘പഴയ രീതികൾ വിരസമായി തോന്നി. പരാജയപ്പെടാനും തകർന്നടിയാനും പിന്നീട് മറ്റൊരു രീതിയിൽ പുനർനിർമിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാർവതി തന്റെ പുതിയ കാഴ്ചപ്പാട് പങ്കുവെച്ചത്.

പുതിയ അവസരങ്ങൾ തേടാനും റിസ്ക്കുകൾ എടുക്കാനുമുള്ള മുൻകാല മടികൾ താൻ എങ്ങനെയാണ് മറികടന്നതെന്നും പാർവതി വിവരിച്ചു. പദ്ധതിയിട്ടതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പോലും പുതിയ അനുഭവങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കാനുള്ള മനസ്സാണ് ഇപ്പോൾ തനിക്കുള്ളതെന്ന് താരം പറഞ്ഞു. ‘നമ്മൾ മരിക്കാൻ പോകുകയൊന്നുമല്ലല്ലോ, ശരിയല്ലേ? അതുകൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. നമ്മൾ പരാജയപ്പെട്ടേക്കാം, പക്ഷേ മഹത്തരമായി പരാജയപ്പെടും. ചിലപ്പോൾ നിങ്ങൾ തകർന്നടിഞ്ഞേക്കാം, പിന്നീട് മറ്റൊരു രീതിയിൽ പുനർനിർമിക്കപ്പെടാം. എങ്കിലും അത് ചെയ്യുക’ പാർവതി പറഞ്ഞു.

വർഷങ്ങൾ കൊണ്ട് തന്റെ ദിനചര്യയിലും ജോലിയോടുള്ള സമീപനത്തിലും വന്ന മാറ്റങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. ‘ഇതെല്ലാം എനിക്ക് പുതിയ കാര്യങ്ങളാണ്. മുൻപ് എല്ലാം കർക്കശമായ ചട്ടക്കൂടുകൾക്കുള്ളിലായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവന്നാൽ ഞാൻ ആരോടും സംസാരിക്കില്ലായിരുന്നു. അന്നത്തെ ആ പാർവതിക്ക് അത് ഗുണം ചെയ്തു. അവൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നാൽ ഇപ്പോൾ, ഞാൻ തിരിച്ചുവന്നാൽ പാർട്ടി ചെയ്യുമെന്ന് പാർവതി പറയുന്നു.