ആരാധകരെ ആവേശത്തിലാഴ്ത്താൻ ‘പള്ളിച്ചട്ടമ്പി’ എത്തുന്നു
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസർ പുറത്ത്. ആദ്യം ഏപ്രിൽ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായതിനാലാണ് ഏപ്രിൽ ഒമ്പതിൽ നിന്ന് റിലീസ് മാറ്റിയത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. ഗംഭീര മേക്കിങിൽ എത്തുന്ന ചിത്രം നിരാശയാകില്ല എന്ന സൂചനയാണ് ടീസർ നൽകുന്നത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പി 1950കളുടെ അവസാനത്തിൽ കേരളത്തിലെ ഹൈറേഞ്ചിലെ കുടിയേറ്റ കർഷക സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. തമിഴ് ചിത്രമായ ഡ്രാഗണിലെ അഭിനയത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പള്ളിച്ചട്ടമ്പിക്ക് പുറമേ, ദുൽഖർ സൽമാന്റെ ഐ ആം ഗെയിമിലും താരം അഭിനയിക്കുന്നുണ്ട്. വിജയരാഘവൻ, ജോണി ആന്റണി, സുധീർ കരമന, ടി.ജി രവി, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടർ എന്നിവരും അഭിനയിക്കുന്നു.
ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റർ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയും ആണ്. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്നിവയുടെ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.