ഗില്ലിക്ക് മുന്നിൽ അടിപതറി പടയപ്പ; റീ റിലീസ് കളക്ഷൻ റിപ്പോർട്ട്
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്.
ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 11 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം സിനിമ നാല് കോടിയോളമാണ് സിനിമ നേടിയത്. ഇതോടെ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി പടയപ്പ മാറി. 72 കോടി നേടിയ ബാഹുബലി ദി എപ്പിക്ക് ആണ് ഒന്നാം സ്ഥാനത്ത്. 41 കോടി നേടിയ സനം തേരി കസം രണ്ടാം സ്ഥാനത്ത്. 40 കോടിയുമായി ബോളിവുഡ് ചിത്രം തുമ്പാട് ആണ് മൂന്നാം സ്ഥാനത്ത്. വിജയ് ചിത്രം ഗില്ലി ആണ് നാലാം സ്ഥാനത്ത്. 26 കോടിയാണ് ഗില്ലിയുടെ റീ റിലീസ് കളക്ഷൻ. രജനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടന്നിരിക്കുകയാണ്. സിനിമയ്ക്ക് ഓവർസീസ് റീലീസ് ഇല്ലാത്തത് ആരാധകർക്ക് നിരാശയാണ്.