കളങ്കാവൽ ഒടിടിയിലേക്ക്
ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ ഞെട്ടിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് കളങ്കാവൽ. പ്രതിനായകനായ സ്റ്റാൻലി എന്ന വേഷത്തിൽ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. ഇതുവരെ മമ്മൂട്ടി അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. തിയേറ്ററിൽ നിറഞ്ഞാടിയ ചിത്രം ഇതാ ഒടിടിയിൽ എത്താൻ പോവുകയാണ്. ചിത്രം ജനുവരി 16ന് സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച കളങ്കാവൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യദിനം 15.7 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ചിത്രം കൊയ്തത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിർമാണ സംരംഭം കൂടിയായിരുന്നു കളങ്കാവൽ എന്ന ഈ ചിത്രം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ ഇരുപത്തി രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്. വേറിട്ട ഭാവത്തിലും വേഷത്തിലും എത്തിയ മമ്മൂട്ടിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.