ഒടിടിയിലും തരംഗമായി ‘മോഹിനിയാട്ടം’!   

 

 സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടം തിയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും വൻ വിജയമായി മാറുന്നു. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഇതിനോടകം തന്നെ വിവിധ ഭാഷകളിലുള്ള പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 23 കോടി രൂപ നേടിയ ചിത്രം, ആഗോളതലത്തിൽ 35 കോടി രൂപയുടെ കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ഡാർക്ക് ഹ്യൂമർ പ്രമേയവും ബേബി ജീനിന്റെ മികച്ച പ്രകടനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ചയാകുന്നത്.

തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഇപ്പോൾ ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. സൈജു കുറുപ്പിന്റെ നൂറ്റമ്പതാം ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. പലയിടങ്ങളിലും തിയേറ്ററുകളുടെ ലഭ്യത കുറവായിരുന്നിട്ടും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും യാത്ര ചെയ്ത് സിനിമ കാണാനെത്തിയ പ്രേക്ഷകർക്ക് സൈജു കുറുപ്പും നിർമ്മാതാക്കളും നന്ദി അറിയിച്ചു. കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അവർ വ്യക്തമാക്കി.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഗംഭീരമായ ഒരു ഡാർക്ക് ഹ്യൂമർ ചിത്രമെന്ന നിലയിൽ സിനിമാ പ്രേമികൾക്കിടയിൽ മോഹിനിയാട്ടം വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ‘ഭരതനാട്യം 2: മോഹിനിയാട്ടം’ എന്ന പേരിൽ ഒരു സീക്വൻസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.