“മലയാളത്തിലെ ചെറു ചിത്രങ്ങൾക്ക് പുറത്തെ മാർക്കറ്റ് തുറന്ന് കൊടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് ” ; ദുൽഖർ സൽമാൻ
പ്രദർശിപ്പിക്കാൻ എടുക്കാൻ ആളില്ലാതെ പോകുന്ന മലയാളത്തിലെ മികച്ച ചെറു ചിത്രങ്ങൾക്കും കേരളത്തിന് പുറത്തെയും, ജിസിസിയിലെയും മാർക്കറ്റ് തുറന്നു കൊടുക്കാൻ വേണ്ടി താൻ ശ്രമിക്കുന്നുണ്ട് എന്ന് ദുൽഖർ സൽമാൻ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച നിർമ്മാതാക്കളുടെ റൗണ്ട് ടേബിൾ ചർച്ചയിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്.
“മുൻപ് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന ഒരുപാട് പരിമിതികളും അതിർത്തികളും ഇപ്പോൾ പതിയെ മാഞ്ഞു തുടങ്ങിയിട്ടുണ്ട്, പണ്ട് തൊട്ടേ ഞങ്ങളുടെ സിനിമകളുടെ മാർക്കറ്റ് കേരളത്തിനുള്ളിലും കുറച്ച് ഗൾഫ് രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. ഉത്തരേന്ത്യയിലൊക്കെയാണെങ്കിൽ വളരെ കുറച്ചു വ്യാപാരം മാത്രമായിരുന്നു. കോവിഡിന്റെ വരവും, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും കാരണം ഇപ്പോൾ എല്ലായിടങ്ങളിലും മലയാള സിനിമകൾ കാണുന്നവരുണ്ട്” ദുൽഖർ സൽമാൻ പറയുന്നു.
ദുൽഖർ സൽമാനും, റാണ ദഗുബട്ടിയും ചേർന്ന് നിർമ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ദുൽഖർ സൽമാനും റാണയും സംസാരിച്ചു. കൂടാതെ വേഫെറർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ നിർമ്മിച്ച സൂപ്പർഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും ചർച്ച നീണ്ടു.
“അന്യഭാഷകളിൽ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച് വലിയ വിജയം നേടാറുണ്ട്, അത് തിരിച്ചും സംഭവിക്കണം. ഒടിടി അല്ലാതെ വലിയ തിയറ്റർ വിജയങ്ങളും മലയാള സിനിമകൾക്ക് അന്യ സംസഥാനങ്ങളിൽ ഉണ്ടാകണം. അത് മാത്രമല്ല ചെറു ചിത്രങ്ങൾക്ക് കൂടി അത്തരം മാർക്കറ്റ് തുറന്നു കൊടുക്കാൻ സഹായിക്കണം എന്നുണ്ട് എനിക്ക്” ദുൽഖർ സൽമാൻ കൂട്ടിച്ചേർത്തു.