ആദ്യ ദിനം തിയേറ്ററില്‍ കൂവല്‍, നോട്ട് ബുക്ക് പരാജയെപ്പെടുമെന്ന് ഉറപ്പിച്ചിരുന്നു; സഞ്ജയ്

സിനിമാജീവിതത്തിന്റെ തുടക്കം തന്നെ അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കടന്ന്‌പോയിരുന്നത്.

 

'നോട്ട്ബുക്കിന്റെ റിലീസ് ദിവസം ഭയങ്കര കൂവല്‍ ആയിരുന്നു. ആ കൂവല്‍ എന്ന് പറഞ്ഞാല്‍, തിയറ്ററില്‍ നിന്ന് ഒരു ഡയലോഗ് പോലും കേള്‍ക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള കൂവലായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നോട്ട്ബുക്ക്.' ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കിയ ചിത്രം തിയേറ്ററില്‍ ആദ്യ ദിനങ്ങളില്‍ മോശം പ്രതികരണമാണ് നേടിയെങ്കിലും പിന്നീട് യുവാക്കള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നായി ഇപ്പോഴും സിനിമ ഓര്‍മിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോയ്ക്ക് തിയേറ്ററില്‍ ഒന്നും കേള്‍ക്കാന്‍ പറ്റാത്ത രീതിയില്‍ കൂവല്‍ ആണ് ലഭിച്ചതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്

'നോട്ട്ബുക്കിന്റെ റിലീസ് ദിവസം ഭയങ്കര കൂവല്‍ ആയിരുന്നു. ആ കൂവല്‍ എന്ന് പറഞ്ഞാല്‍, തിയറ്ററില്‍ നിന്ന് ഒരു ഡയലോഗ് പോലും കേള്‍ക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള കൂവലായിരുന്നു. മാമ്പഴത്തെ കുറിച്ച് പറയുന്ന സീനിലൊക്കെ നിര്‍ത്താതെ കൂവലായിരുന്നു. എന്താണ് കാര്യം എന്നുള്ളത് ഞങ്ങള്‍ക്കറിയില്ല. ഇത്രത്തോളം കൂവല്‍ കിട്ടിയ ഒരു സിനിമ, ഞങ്ങളുടെ എന്നല്ല, നിങ്ങള്‍ പുറത്തു പോലും കണ്ടിട്ടുണ്ടാകില്ല.

അന്നൊക്കെ റിവ്യൂകള്‍ പ്രിന്റ് മാധ്യമങ്ങളിലൂടെയായിരുന്നു വന്നിരുന്നത്. ചിലത് നല്ലതായിരുന്നെങ്കിലും പല റിവ്യൂകളും നെഗറ്റീവായിരുന്നു. റിലീസ് ദിവസം തന്നെ തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ ലഭിച്ച പ്രതികരണം കണ്ടിട്ട് ഈ സിനിമ വലിയ പരാജയമാകുമെന്നാണ് എനിക്ക് തോന്നിയത്. സിനിമാജീവിതത്തിന്റെ തുടക്കം തന്നെ അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കടന്ന്‌പോയിരുന്നത്.
പക്ഷേ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി. ഞാനും റോഷനും അന്ന് എറണാകുളത്തെ കവിത തിയേറ്ററിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് ആളുകള്‍ സിനിമ കണ്ട് ഇറങ്ങുന്നതും വരുന്നതും എല്ലാം കാണാമായിരുന്നു. സിനിമ പരാജയമാണെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന സമയത്താണ് റിലീസ് കഴിഞ്ഞ് മൂന്നാം ദിവസം സെക്കന്‍ഡ് ഷോ കഴിഞ്ഞിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ ഞങ്ങളെ കാണുന്നത്. അവര്‍ ഞങ്ങളെ നോക്കി തംപ്‌സ് അപ് തന്നു. അവിടെ ഞങ്ങള്‍ക്ക് തോന്നി. ഈ സിനിമ വീഴാന്‍ പോകുന്നില്ല എന്ന്. കാരണം ഞങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് ആയിരുന്നു അത്. അവിടെയാണ് ഈ സിനിമ അങ്ങനെ പോകില്ല എന്ന് തോന്നിയത്,'സഞ്ജയ് പറഞ്ഞു.