'പഴയ ട്രോമകള്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം'; ഉത്കണ്ഠയെക്കുറിച്ച് തുറന്നുപറഞ്ഞ് അഞ്ജു ജോസഫ്

താന്‍ ആവശ്യപ്പെടാതിരുന്നിട്ടും ജീവിതത്തിലേക്ക് കടന്നുവന്ന ചില നല്ല മനുഷ്യരുടെ പിന്തുണയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ വലിയ ആശ്വാസമായതെന്നും അഞ്ജു പറഞ്ഞു.

 

പഴയകാലത്തെ ട്രോമകള്‍ എപ്പോള്‍ വേണമെങ്കിലും തിരികെയെത്താമെന്ന് തിരിച്ചറിഞ്ഞതായും ഈ അവസ്ഥയെയും തന്നെയും അംഗീകരിക്കാന്‍ പഠിക്കുകയാണെന്നും അഞ്ജു കുറിച്ചു.

ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടയിലും പഴയ മാനസികാഘാതങ്ങളും ഉത്കണ്ഠയും വീണ്ടും വേട്ടയാടിയ അനുഭവം തുറന്നുപറഞ്ഞ് ഗായിക അഞ്ജു ജോസഫ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ തനിക്ക് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഉത്കണ്ഠ നിയന്ത്രിക്കാന്‍ വീണ്ടും മരുന്നുകള്‍ കഴിക്കേണ്ടിവന്നെന്നും അഞ്ജു സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനൊപ്പം ഇന്‍ഹേലറും വീണ്ടും ഉപയോഗിക്കേണ്ടിവന്നതായി ഗായിക പറഞ്ഞു. പഴയകാലത്തെ ട്രോമകള്‍ എപ്പോള്‍ വേണമെങ്കിലും തിരികെയെത്താമെന്ന് തിരിച്ചറിഞ്ഞതായും ഈ അവസ്ഥയെയും തന്നെയും അംഗീകരിക്കാന്‍ പഠിക്കുകയാണെന്നും അഞ്ജു കുറിച്ചു.

താന്‍ ആവശ്യപ്പെടാതിരുന്നിട്ടും ജീവിതത്തിലേക്ക് കടന്നുവന്ന ചില നല്ല മനുഷ്യരുടെ പിന്തുണയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ വലിയ ആശ്വാസമായതെന്നും അഞ്ജു പറഞ്ഞു. പ്രശ്‌നത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയോ ഉപദേശങ്ങള്‍ നല്‍കുകയോ ചെയ്യാതെ, തന്നെ വിലയിരുത്താതെ കൂടെ നില്‍ക്കുകയും ചിരിപ്പിക്കുകയും ചെയ്തവരോടുള്ള നന്ദിയും ഗായിക പങ്കുവച്ചു. ഭര്‍ത്താവ് ആദിത്യ പരമേശ്വരനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് അഞ്ജുവിന്റെ കുറിപ്പ്.

മുന്‍പും തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും അവയുണ്ടാക്കിയ മാനസിക ആഘാതങ്ങളെയും കുറിച്ച് അഞ്ജു തുറന്നുപറഞ്ഞിട്ടുണ്ട്. 2026 ജൂലൈയില്‍ ധന്യ വര്‍മ്മ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍ മുന്‍ വിവാഹബന്ധത്തിന് ശേഷമുള്ള ട്രോമ, ഉത്കണ്ഠ, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ ബുദ്ധിമുട്ടുകളെക്കുറിച്ച് അഞ്ജു വിശദീകരിച്ചിരുന്നു. തെറാപ്പി തന്റെ ഉത്കണ്ഠയും കംപള്‍ഷനുകളും മറികടക്കാന്‍ സഹായിച്ചതായും ആ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.