‘ഓഫീസർ ഓൺ ഡ്യൂട്ടി’ യിലെ മൊബൈൽ നമ്പർ ദുരുപയോഗ പരാതിയിൽ കേസ് എടുക്കാൻ കോടതി ഉത്തരവ്

 കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം നിയമക്കുരുക്കിൽ. സിനിമയിൽ അനുവാദമില്ലാതെ തന്റെ വ്യക്തിഗത മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും ഐടി പ്രൊഫഷണലുമായ അക്ഷയ് പ്രകാശ് നൽകിയ പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം

 

 കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന ചിത്രം നിയമക്കുരുക്കിൽ. സിനിമയിൽ അനുവാദമില്ലാതെ തന്റെ വ്യക്തിഗത മൊബൈൽ നമ്പർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും ഐടി പ്രൊഫഷണലുമായ അക്ഷയ് പ്രകാശ് നൽകിയ പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പോലീസിന് നിർദ്ദേശം നൽകി. തിയേറ്ററുകളിലും ഒടിടിയിലും ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വിദേശത്തുനിന്നുൾപ്പെടെ അപരിചിതരിൽ നിന്ന് അനാവശ്യ കോളുകളുടെയും സന്ദേശങ്ങളുടെയും പ്രവാഹമുണ്ടായതായാണ് പരാതിക്കാരന്റെ ആരോപണം.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച നിർണ്ണായക രംഗത്ത് ഡോക്ടർ കഥാപാത്രത്തിന്റെ കോൺടാക്റ്റ് നമ്പറായാണ് തന്റെ മൊബൈൽ നമ്പർ കാണിച്ചതെന്ന് അക്ഷയ് പരാതിയിൽ പറയുന്നു. ഇതോടെ നിരന്തരമായ കോളുകളും സന്ദേശങ്ങളും വരികയും തനിക്ക് വലിയ ബുദ്ധിമുട്ടും മാനസിക വിഷമവും ഉണ്ടാവുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകൾ, ആധാർ, പാൻ കാർഡ് എന്നിവയുൾപ്പെടെ പ്രധാന സേവനങ്ങളുമായി ഈ നമ്പർ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നമ്പർ മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ നാഗരിക സുരക്ഷാ സംഹിത സെക്ഷൻ 175(3) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷംനാദ് എസ്, നവംബർ 21-ന് സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് നിർദ്ദേശം നൽകി. നേരത്തെ നൽകിയ പോലീസ് റിപ്പോർട്ട് തന്റെ ആശങ്കകൾ വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ സമർപ്പിച്ച എതിർഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിടുകയും പോലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

അനധികൃതമായി മൊബൈൽ നമ്പർ പ്രദർശിപ്പിച്ചത് 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്നാണ് അക്ഷയ് പ്രകാശിന്റെ വാദം. ഐഡന്റിറ്റി തെഫ്റ്റ് സംബന്ധിച്ച സെക്ഷൻ 66സി, കമ്പ്യൂട്ടർ റിസോഴ്സുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച സെക്ഷൻ 66ഡി എന്നിവയും, ഐടി ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് റൂൾസ് 2021-ലെ വ്യവസ്ഥകളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

സൈബർ സെല്ലിനെയും നിർമ്മാതാക്കളെയും സമീപിച്ചിട്ടും ഫലപ്രദമായ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് മാർട്ടിൻ പ്രക്കാട്ട്, സഹ-നിർമ്മാതാക്കളായ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർക്കൊപ്പം നെറ്റ്ഫ്ലിക്സ്, സീ എന്റർടൈൻമെന്റ്, മെറ്റ, വാട്സാപ്പ് എന്നിവരെയും പരാതിയിൽ പ്രതിചേർത്തിട്ടുണ്ട്. അഭിഭാഷകരായ സുകേഷ് റോയ്, മീര മേനോൻ, ദിവ്യ എ.ആർ എന്നിവരാണ് പരാതിക്കാരനുവേണ്ടി ഹാജരായത്.