'ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ കാണിച്ചത് മറ്റൊരാളുടെ സ്വകാര്യ നമ്പർ ; കേസെടുക്കാൻ കോടതി നിർദേശം
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഫോൺ നമ്പറായി കാണിച്ചത് യഥാർഥത്തിൽ മറ്റൊരാളുടെ സ്വകാര്യ നമ്പർ. ചിത്രം ഒ.ടി.ടിയിലെത്തിയതോടെ ആ നമ്പറിലേക്ക് വിദേശത്തുനിന്നടക്കം നിരന്തരം കോളുകളും സന്ദേശങ്ങളും.
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഫോൺ നമ്പറായി കാണിച്ചത് യഥാർഥത്തിൽ മറ്റൊരാളുടെ സ്വകാര്യ നമ്പർ. ചിത്രം ഒ.ടി.ടിയിലെത്തിയതോടെ ആ നമ്പറിലേക്ക് വിദേശത്തുനിന്നടക്കം നിരന്തരം കോളുകളും സന്ദേശങ്ങളും. കുഞ്ചാക്കോ ബോബൻ നായകനായ 'ഓഫീസർ ഓൺ ഡ്യൂട്ടി' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി ഇപ്പോൾ കോടതി നടപടിയിലേക്ക് എത്തിയിരിക്കുകയാണ്. വ്യക്തിയുടെ അനുമതിയില്ലാതെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന പരാതിയിൽ നിർമാതാവ് മാർട്ടിൻ പ്രക്കാട്ട് അടക്കമുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ കോടതി നിർദേശം നൽകി.നിർമാതാക്കളായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർക്കു പുറമെ മെറ്റ, സീ എന്റർടെയിൻമെന്റ്, വാട്സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങളെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് എന്റർടെയിൻമെന്റ് സർവിസസ് ഇന്ത്യ ലിമിറ്റഡ്, ഭാരതി എയർടെലിന്റെ നോഡൽ ഓഫിസർമാർ എന്നിവരും പരാതിയിൽ പരാമർശിക്കപ്പെടുന്നു.
ഒ.ടി.ടി. റിലീസിന് പിന്നാലെ കോളുകളുടെ പ്രവാഹം
ചിത്രത്തിലെ ഒരു രംഗത്തിൽ കഥാപാത്രത്തിന്റെ ഫോൺ നമ്പറായാണ് പരാതിക്കാരന്റെ യഥാർഥ മൊബൈൽ നമ്പർ ഉപയോഗിച്ചതെന്നാണ് ആരോപണം. 2014 മുതൽ ഉപയോഗിക്കുന്ന ഈ നമ്പർ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.2025 ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രം മാർച്ചിൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ്ങിന് എത്തിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നാണ് പരാതി. സിനിമ കണ്ട ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും നിരന്തരം കോളുകളും സന്ദേശങ്ങളും ലഭിച്ചെന്നാണ് പരാതിക്കാരന്റെ വാദം. ചില സന്ദേശങ്ങൾ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നമ്പർ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് പരാതി
സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ച വിവരം അറിഞ്ഞതോടെ അത് നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്ന് പരാതിക്കാരൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് കൊച്ചിയിലെ സൈബർ സെല്ലിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു.ഇതോടെയാണ് സ്വകാര്യ അന്യായ പരാതിയുമായി കോടതിയെ സമീപിച്ചത്. നേരത്തേ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടർനടപടിയായാണ് ഇപ്പോൾ കേസെടുത്ത് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 175(3) വകുപ്പ് പ്രകാരം പരാതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് കൈമാറാനാണ് കോടതി നിർദേശിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനുമാണ് നിർദേശം. വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വഞ്ചന തുടങ്ങിയ കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. സിനിമയിൽ യഥാർഥ നമ്പറിന് പകരം ഡമ്മി നമ്പർ ഉപയോഗിക്കുകയോ നമ്പർ മറയ്ക്കാനുള്ള മുൻകരുതൽ സ്വീകരിക്കുകയോ ചെയ്യേണ്ടിയിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.