എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഓടും കുതിര ചാടും കുതിര ; ജീൻ പോൾ ലാൽ
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ലെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്ന് സംവിധായകനും നടനുമായ ജീൻ പോൾ ലാൽ.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രം ബോക്സ് ഓഫീസിൽ വിചാരിച്ച വിജയം നേടിയില്ലെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്ന് സംവിധായകനും നടനുമായ ജീൻ പോൾ ലാൽ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തെക്കുറിച്ചുള്ള നിരീക്ഷണം പങ്കുവെച്ചത്. സിനിമ അടിപൊളിയാണെന്നും ഫഹദിന്റെ കയ്യിൽ നിന്ന് അല്പം പാളിയതാണ് എന്നും ജീൻ പോൾ ലാൽ പറഞ്ഞു.
സംവിധായകൻ അൽത്താഫ് സലിമിന്റെ സംസാരശൈലിയും ഹ്യൂമറും ചിരിപ്പിക്കുന്നതാണെന്നും അത് ഫഹദ് സ്ക്രീനിൽ അനുകരിക്കാൻ ശ്രമിച്ചതാണെന്ന് തനിക്ക് തോന്നുന്നുവെന്നും ജീൻ പോൾ ലാൽ വ്യക്തമാക്കി. അൽത്താഫിന്റെ ആ പ്രത്യേക കോമഡി ശൈലി അവരുടെ ഫ്രണ്ട്സ് സർക്കിളിൽ നന്നായി വർക്കാകുമായിരിക്കും. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ അത് വളരെ നേർത്തൊരു ലൈനാണ്, ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും. എങ്കിലും അവർ സിനിമ പറഞ്ഞ രീതി വെച്ച് നോക്കുമ്പോൾ മലയാളത്തിൽ താൻ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണിതെന്നും അതിൽ എന്തോ ഒരു പ്രത്യേകതയുണ്ടെന്നും ജീൻ കൂട്ടിച്ചേർത്തു.
‘ഞണ്ടുകളുടെ നാട്ടിലൊരിടവേള’യ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തിയത്. ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജും സംഗീതം നൽകിയത് ജസ്റ്റിൻ വർഗീസുമാണ്.