അക്ഷയ് ഖന്ന സിനിമയോട് ഓകെ പറയുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആരും കരുതിയിരുന്നില്ല ; വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടര്‍
ഒരു തവണയെങ്കിലും കഥ കേള്‍ക്കാന്‍ ഞാന്‍ പറഞ്ഞു. നിരന്തരമായ ശ്രമങ്ങള്‍ക്കുശേഷം കഥ കേള്‍ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു
സിനിമയുടെ കഥ കേട്ട് കഴിയുന്ന വരെ അക്ഷയ് ഖന്ന പുകവലിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ ഇപ്പോള്‍ തിയേറ്ററില്‍ മുന്നേറുകയാണ്. സിനിമയിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ അക്ഷയ് ഖന്നയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് പറയുകയാണ് കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്ര. സിനിമ ആദ്യം ചെയ്യാന്‍ അക്ഷയ് വിസമ്മതിച്ചിരുന്നുവെന്നും നിര്‍ബന്ധിച്ചാണ് അദ്ദേഹത്തോട് സിനിമയുടെ കഥ കേള്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും മുകേഷ് ഛബ്ര പറഞ്ഞു. സിനിമയുടെ കഥ കേട്ട് കഴിയുന്ന വരെ അക്ഷയ് ഖന്ന പുകവലിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
'ഞാന്‍ കാസ്റ്റിങ് ഡയറക്ടറായി എത്തുമ്പോഴേക്കും രണ്‍വീര്‍ സിങ്ങിനെ നായകനായി ഉറപ്പിച്ചിരുന്നു. ആദ്യമേ തന്നെ വലിയൊരു താരമുള്ളതുകൊണ്ട്, അത്രയും മൂല്യമുള്ള കൂടുതല്‍ താരങ്ങളെ കിട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷേ കാസ്റ്റിങ്ങിനെക്കുറിച്ച് എനിക്ക് വലിയ ആശയങ്ങളുണ്ടായിരുന്നു. അതുകേട്ടപ്പോള്‍ സംവിധായകന്‍ ആദിത്യ ധര്‍ പോലും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അക്ഷയ് ഖന്ന സിനിമയോട് ഓകെ പറയുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആരും കരുതിയിരുന്നില്ല. അക്ഷയ് ചെയ്യുമെന്ന് ഞാന്‍ ഉറപ്പിച്ചുപറഞ്ഞു.
ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം 'നിങ്ങള്‍ക്ക് ഭ്രാന്താണോ'? എന്നായിരുന്നു. ഒരു തവണയെങ്കിലും കഥ കേള്‍ക്കാന്‍ ഞാന്‍ പറഞ്ഞു. നിരന്തരമായ ശ്രമങ്ങള്‍ക്കുശേഷം കഥ കേള്‍ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മുംബൈയില്‍ അല്ല ഞാന്‍ താമസിക്കുന്നതെന്ന് അക്ഷയ് ഞങ്ങളോട് പറഞ്ഞു. എവിടെവെച്ച് കാണണമെന്ന് ചോദിക്കുകയും ചെയ്തു. ഒടുവില്‍ ഞങ്ങളുടെ ഓഫീസിലേക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു.
സ്വയം കാറോടിച്ചാണ് അക്ഷയ് വരുന്നത്. നാലുമണിക്കൂര്‍ ഓഫീസില്‍ ഇരുന്നു. കഥ പറയുന്നത് നിശബ്ദമായി കേട്ടു. അതിനിടെ നിരന്തരം പുകവലിച്ചുകൊണ്ടിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇത് വളരെ നന്നായിട്ടുണ്ട്. നല്ല രസമായിരിക്കും ബ്രോ' എന്ന്. അതിനുശേഷവും രണ്ടുദിവസത്തേക്ക് അനിശ്ചിതാവസ്ഥയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു, നമുക്കിത് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്,' മുകേഷ് പറഞ്ഞു.