ന്യൂ ഇയറും തൂക്കി സര്‍വ്വം മായ

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിൽ എത്തി പിന്നീട് തട്ടത്തിൽ മറയത്തിലൂടെ മലയാളിയുടെ മനസിൽ കയറിക്കൂടിയ പ്രണയ നായകനാണ് നിവിൻ പോളി. പ്രേമം പോലുള്ള ഒരുപിടി മികച്ച സിനിമകൾ നിവിനിലൂടെ മലയാളികൾക്ക് ലഭിച്ചു.
 

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിൽ എത്തി പിന്നീട് തട്ടത്തിൽ മറയത്തിലൂടെ മലയാളിയുടെ മനസിൽ കയറിക്കൂടിയ പ്രണയ നായകനാണ് നിവിൻ പോളി. പ്രേമം പോലുള്ള ഒരുപിടി മികച്ച സിനിമകൾ നിവിനിലൂടെ മലയാളികൾക്ക് ലഭിച്ചു. എന്നാൽ ഇടയിൽ എപ്പോഴോ നിവിന് കാലിടറി. റിലീസ് ചെയ്ത പല സിനിമകളും പരാജയപ്പെട്ടു. പ്രേക്ഷകരെ കയ്യിലെടുക്കുന്ന നിറചിരിയുമായി പ്രിയപ്പെട്ട താരം വീണ്ടും തിയറ്ററിലെത്തുന്നത് കാണാൻ ആരാധകർ ഒന്നടങ്കം കാത്തിരുന്നു. പിന്നീട് പല സിനിമകളും വന്നെങ്കിലും അതിലൊരു കം ബാക്ക് ലഭിച്ചില്ല. എന്നാൽ 2025 ഡിസംബർ 25ന് കഥമാറി. ബോക്സ് ഓഫീസിലേക്കുള്ള നിവിന്റെ വൻ തിരിച്ചുവരവിന് മലയാളികൾ സാക്ഷ്യം വഹിച്ചു.

ക്രിസ്മസ് റിലീസായാണ് നിവിൻ പോളിയുടെ സർവ്വം മായ തിയറ്ററിലെത്തിയത്. പ്രഖ്യാപനം മുതൽ പ്രതീക്ഷയുണർത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം മികച്ച മൗത്ത് പബ്ലിസിറ്റിയും. ഒടുവിൽ വെറും നാല് ​ദിവസത്തിൽ 50 കോടി ക്ലബ്ബിലും സർവ്വം മായ എത്തി. പുത്തൻ റിലീസുകൾ ഉണ്ടെങ്കിലും അവയെല്ലാം കടത്തിവെട്ടി ആധിപത്യം തുടരുന്ന സർവ്വം മായ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. റിലീസ് ചെയ്ത് 7 ദിവത്തെ ആ​ഗോള കളക്ഷനാണ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് പുറത്തു വിട്ടിരിക്കുന്നത്.

67 കോടിയാണ് സർവ്വം മായയുടെ ആ​ഗോള കളക്ഷൻ. ഇന്ത്യ നെറ്റ് 29.90 കോടിയും ​ഗ്രോസ് 35.30 കോടിയുമാണ്. ഓവർസീസിൽ നിന്നും 31.70 കോടി രൂപയും നിവിൻ ചിത്രം നേടിയിട്ടുണ്ട്. 30.5 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ഏഴ് ദിവസത്തിൽ ചിത്രം നേടിയിരിക്കുന്നത്. കർണാടകയിൽ നിന്നും ചിത്രം 2.27 കോടി നേടിയപ്പോൾ, തമിഴ്നാട്ടിൽ 1.04 കോടിയാണ് നേടിയത്. 35 ലക്ഷമാണ് ആന്ധ്ര-തെലുങ്കാന പ്രദേശങ്ങളിൽ നിന്നും നേടിയിരിക്കുന്നത്. ആകെമൊത്തത്തിൽ മികച്ചൊരു കംബാക്കാണ് നിവിൻ പോളിക്ക് ലഭിച്ചിരിക്കുന്നത്. 100 കോടി എന്ന നേട്ടം സർവ്വം മായം സ്വന്തമാക്കിയേക്കുമെന്ന വിലയിരുത്തലിലാണ് ട്രേഡ് അനലിസ്റ്റുകൾ. അതേസമയം, 70 കോടിക്ക് മേലുള്ള കളക്ഷന്‍ സിനിമ ഇന്നത്തോടെ നേടും.