മമ്മൂട്ടിയുടെ പുതുവർഷസമ്മാനം, ആതുരാലയങ്ങൾക്ക് ചക്രക്കസേര നൽകി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷസമ്മാനമായി ചക്രക്കസേരകൾ നൽകി. വിതരണ ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവഹിച്ചു
കോട്ടയം: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷസമ്മാനമായി ചക്രക്കസേരകൾ നൽകി. വിതരണ ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് നിർവഹിച്ചു. കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തായും വീതസംഗാനന്ദസ്വാമിയും ചേർന്ന് ഭദ്രദീപം തെളിയിച്ചു
16 വർഷം മുമ്പ് ആരംഭിച്ച്, ഇപ്പോഴും മമ്മൂട്ടി സജീവമായി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്ന് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി.
പാലാ ശ്രീരാമകൃഷ്‌ണമഠാധിപതി വീതസംഗാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ മാനേജിങ് ഡയറക്‌ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, കെയർ ആൻഡ് ഷെയറിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. റൂബിൾ രാജ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ റോയി മാത്യു വടക്കേൽ, ഗുഡ് ന്യൂസ് അമ്മവീട് ഡയറക്ടർ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ജോർജ് വർഗീസ് നെടുമാവ് എന്നിവർ പ്രസംഗിച്ചു.