സ്വാഭാവിക അഭിനയശേഷിയുള്ള നടനാണ് നസ്ലിൻ ;  പ്രശംസയുമായി ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ

 മലയാള സിനിമയിൽനിന്ന് തമിഴ് സിനിമാലോകത്തേക്കും തന്റെ അഭിനയമികവ് എത്തിച്ച് ശ്രദ്ധ നേടുകയാണ് യുവതാരം നസ്ലിൻ. സൂര്യ നായകനായ ജിത്തു മാധവൻ ചിത്രം ‘സീനി’ലെ വില്ലൻ വേഷമാണ് ഇപ്പോൾ താരത്തിന് പുതിയ പ്രശംസകൾ നേടിക്കൊടുക്കുന്നത്. സംവിധായകൻ അറ്റ്‌ലിക്ക് പിന്നാലെ ചിത്രത്തിലെ ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസയും നസ്ലിനെ ‘ഭാവിയിലെ സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.

 

 മലയാള സിനിമയിൽനിന്ന് തമിഴ് സിനിമാലോകത്തേക്കും തന്റെ അഭിനയമികവ് എത്തിച്ച് ശ്രദ്ധ നേടുകയാണ് യുവതാരം നസ്ലിൻ. സൂര്യ നായകനായ ജിത്തു മാധവൻ ചിത്രം ‘സീനി’ലെ വില്ലൻ വേഷമാണ് ഇപ്പോൾ താരത്തിന് പുതിയ പ്രശംസകൾ നേടിക്കൊടുക്കുന്നത്. സംവിധായകൻ അറ്റ്‌ലിക്ക് പിന്നാലെ ചിത്രത്തിലെ ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസയും നസ്ലിനെ ‘ഭാവിയിലെ സൂപ്പർസ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. നസ്ലിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായ ‘സീൻ’, ചേതൻ ഡിസൂസയ്ക്കൊപ്പമുള്ള താരത്തിന്റെ ആദ്യ പ്രോജക്റ്റുമാണ്. എന്നാൽ ആദ്യമായി ഒന്നിച്ച് പ്രവർത്തിക്കുന്നതുപോലെയല്ല തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ കുറിച്ചു. സ്വാഭാവിക അഭിനയശേഷിയുള്ള നടനാണ് നസ്ലിനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നെന്നും ചേതൻ വ്യക്തമാക്കി.

നസ്ലിന്റെ വളർച്ചയും ‘സീനി’ലെ പ്രകടനവും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നാണ് ചേതൻ ഡിസൂസയുടെ വാക്കുകൾ. “നസ്ലിൻ എത്രത്തോളം മെച്ചപ്പെട്ടുവെന്നും ‘സീൻ’ സിനിമയിൽ എത്ര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും കാണുമ്പോൾ വലിയ സന്തോഷമുണ്ട്. ഈ യുവാവിനെക്കുറിച്ച് ഓർത്ത് അഭിമാനമുണ്ട്. ഇനിയും മികച്ച പ്രകടനം തുടരുക. വളർന്നുവരുന്നത് ഭാവിയിലെ സൂപ്പർസ്റ്റാറാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ചേതന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഹൃദ്യമായ കമന്റിലൂടെയാണ് നസ്ലിൻ മറുപടി നൽകിയത്. മലയാളത്തിൽ ശ്രദ്ധേയനായ യുവതാരം തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചുതുടങ്ങിയെന്നതിന്റെ സൂചനയായാണ് ഈ അഭിനന്ദനങ്ങൾ വിലയിരുത്തപ്പെടുന്നത്.

നസ്ലിനെ ഭാവിയിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തെ പ്രശസ്ത സംവിധായകൻ അറ്റ്‌ലിയും താരത്തിന്റെ അഭിനയമികവിനെയും സ്ക്രീൻ പ്രസൻസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. “നസ്ലിൻ, എന്റെ ദൈവമേ… എന്തൊരു പെർഫോമറാണ്. ഒടുക്കത്തെ കരിസ്മയും സ്ക്രീൻ പ്രസൻസും. അനിയാ, നീ ഭാവിയിലെ സൂപ്പർസ്റ്റാറാണ്. നിങ്ങൾ നാളെ ഉറപ്പായും ഇൻഡസ്ട്രി ഭരിക്കും” എന്നായിരുന്നു അറ്റ്‌ലിയുടെ വാക്കുകൾ. അറ്റ്‌ലിയുടെ പ്രശംസയ്ക്ക് നസ്ലിൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ നസ്ലിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അറ്റ്‌ലിക്ക് പിന്നാലെ ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസയും സമാനമായ വിശേഷണവുമായി എത്തിയതോടെ ‘സീനി’ലെ നസ്ലിന്റെ പ്രകടനം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ്.