നാനിയുടെ ‘ദ പാരഡൈസ്’ കുതിക്കുന്നു
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ‘ദ പാരഡൈസ്’. വമ്പൻ റിലീസായി കേരളത്തിലെത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ്. റിലീസിന് ശേഷം മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രം, 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഇനി വെറും ഒരു കോടി കൂടി നേടിയാൽ മതിയാകും. ഇതുവരെ ആഗോളതലത്തിൽ ആകെ 99 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ഒരു അമ്മ – മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നതെന്ന് നാനി വ്യക്തമാക്കിയിട്ടുണ്ട്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ഹിറ്റുകൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഇതിനോടകം പുറത്തുവന്ന “ആയാ ഷേർ”, “യേഷാ നഗുല” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ചിത്രത്തിൽ, ജദാൽ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും അതിലെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മാസ്സ് ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നാനി, രാഘവ് ജൂയൽ എന്നിവർക്ക് പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തിയത്. ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും, ഛായാഗ്രഹണം സി എച്ച് സായിയും നിർവഹിച്ചിരിക്കുന്നു.