ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ അടിച്ചതില്‍ മാപ്പ് പറഞ്ഞ് നാനാ പട്കര്‍

ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വൈറലായ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍.
 

ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ വീഡിയോ വൈറലായ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍.

വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പുചോദിച്ചത്. സിനിമയ്ക്കായുള്ള സീന്‍ റിഹേഴ്‌സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്ന് താരം പറഞ്ഞു. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്പായി ആദ്യം ഒരുതവണ റിഹേഴ്‌സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സെല്‍ഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു.

‘സിനിമയുടെ ക്രൂ മെമ്പര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അയാള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത്.’ നാനാ പടേക്കര്‍ വ്യക്തമാക്കി.

താനൊരിക്കലും ഒപ്പം നിന്ന് ചിത്രമെടുക്കാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കിയയക്കാറില്ലെന്ന് താരം പറഞ്ഞു. കഴിഞ്ഞദിവസം നടന്നത് തെറ്റാണ്. എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാനാ പടേക്കര്‍ പറഞ്ഞു.