‘നാഗബന്ധം’ ജൂലൈ 3-ന് തിയേറ്ററുകളിലേക്ക്

 അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധം’ റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
 

 അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധം’ റിലീസിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിന്റെ വിഷ്വൽ അത്ഭുതങ്ങൾ നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം 30 മില്യണിലധികം കാഴ്ചക്കാരെ നേടി വൻ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. അമ്പരപ്പിക്കുന്ന കാൻവാസിൽ വലിയൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രം 2026 ജൂലൈ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പ്രശസ്ത വിതരണ കമ്പനിയായ ജി.എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

വിരാട് കർണ്ണ നായകനായി എത്തുന്ന ഈ ഫാന്റസി ആക്ഷൻ ചിത്രം എൻ.ഐ.കെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, അതിശയിപ്പിക്കുന്ന യുദ്ധരംഗങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ വ്ലാഡ് റിംബർഗ് സംവിധാനം ചെയ്ത വമ്പൻ ആക്ഷൻ സീക്വൻസുകളും ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്സും ആണ് ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. പുരാതന രഹസ്യങ്ങളും ദിവ്യശക്തികളും പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ബിസിനസ്സ് അവകാശങ്ങളും വൻ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. പ്രമുഖ വിനോദ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ വിതരണാവകാശവും വിദേശ റിലീസും സ്വന്തമാക്കിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. ഒടിടി സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയപ്പോൾ, തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ ചാനലും മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങൾ സീ സ്റ്റുഡിയോസുമാണ് കൈക്കലാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാണ്ഡ സ്കെയിലിലുള്ള ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും ഈ ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.