മുത്തപ്പനെ പ്രമേയമാക്കി ചലച്ചിത്രമൊരുങ്ങി, മെയ് രണ്ടാം വാരം തീയേറ്ററുകളിൽ എത്തും

പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമായ ശ്രീ മുത്തപ്പന്‍ എന്ന സിനിമ മെയ്  രണ്ടാം വാരം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
 

കണ്ണൂര്‍: പ്രതിഥി ഹൗസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമായ ശ്രീ മുത്തപ്പന്‍ എന്ന സിനിമ മെയ്  രണ്ടാം വാരം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ശ്രീ മുത്തപ്പന്‍ സിനിമയുടെ പോസ്റ്റര്‍ ബുധനാഴ്ച്ച  രാവിലെ പറശ്ശിനി മടപ്പുര സന്നിധാനത്ത് തിരുവപ്പനയും ശ്രീമുത്തപ്പനും ചേര്‍ന്ന് സിനിമയില്‍ മുത്തപ്പനായി നായക വേഷം പകരുന്ന മണിക്കുട്ടന് കൈമാറി.  

നിര്‍മ്മാതാവ് അനീഷ് പിള്ള സംവിധായകനും സിനിമയുടെ തിരക്കഥാകൃത്തും  കൂടിയായ ചന്ദ്രന്‍ നരിക്കോട്, ഗാനരചയിതാവ് മുയ്യം രാജന്‍ എന്നിവര്‍ക്ക് പുറമെ മറ്റ് അണിയറ ശില്‍പ്പികളും ചടങ്ങില്‍ സംബന്ധിച്ചു. മണിക്കുട്ടന്‍, മധുപാല്‍, ജോയ് മാത്യു, ബാബു അന്നൂര്‍, അനീഷ് പിള്ള, ഷെഫ് നളന്‍, മുന്‍ഷി രഞ്ജിത്, മീര നായര്‍, അല എസ്. നയന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.  


കൃഷ്ണന്‍ നമ്പ്യാര്‍, നാദം മുരളി, ശ്രീഹരി മാടമന, സുബോധ് ഷെട്ടി, വിനോദ് മൊത്തങ്ങ, ഉണ്ണി ഞെറക്കാട്, വിനോദ് പ്ലാത്തോട്ടം, ഉഷ പയ്യന്നൂര്‍, വിദീഷിത, വീണ വേണുഗോപാല്‍ തുടങ്ങിയവര്‍ക്ക് പുറമെ നിരവധി പുതുമുഖതാരങ്ങളും അണിനിരക്കുന്നുണ്ട് . ശ്രീ മുത്തപ്പ ചരിതം അഭ്രപാളികളില്‍ എത്തുന്നത് ആദ്യമായിട്ടാണെന്നും ഇവര്‍ പറഞ്ഞു


പൗരാണികകാലം മുതലേ ഉത്തര മലബാറില്‍ ജാതിയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട  ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ചെയ്യുന്നത്. പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്‌നേഹിച്ച ഉത്തരമലബാറിന്റെ സ്വന്തം ദൈവസങ്കല്‍പ്പം സിനിമ അനാവരണം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു.  കുന്നത്തൂര്‍ പാടി , പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്


ബിജു കെ ചുഴലി/ചന്ദ്രന്‍ നരിക്കോട് എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. റെജി ജോസഫാണ്  ഛായാഗ്രഹണം.  മുയ്യം രാജന്റെ ഗാനത്തിന് രമേഷ് നാരായണനാണ് ഗാനരചന നടത്തിയിരിക്കുന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ അമ്പത് വര്‍ഷക്കാലത്തോളമായി മുത്തപ്പന്റെ വേഷമണിയുന്ന പി.പി. ബാലകൃഷ്ണന്‍ പെരുവണ്ണാനാണ് ഇത്തരമൊരു ആശയത്തിന് മുന്‍കയ്യെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ സിനിമയിലെ നായകന്‍ മണിക്കുട്ടന്‍, നിര്‍മ്മാതാവ് അനീഷ് പിള്ള സംവിധായകന്‍ ചന്ദ്രന്‍ നരിക്കോട്, പി.പി. ബാലകൃഷ്ണന്‍ പെരുവണ്ണാന്‍ എന്നിവര്‍ പങ്കെടുത്തു.