മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നത് കൊള്ള, സർക്കാർ അടിയന്തരമായി ഇടപെടണം ; ജി സുരേഷ് കുമാർ

 

 തിരുവനന്തപുരം: മൾട്ടിപ്ലക്‌സ് തീയറ്ററുകളിൽ ലഘുഭക്ഷണത്തിനും കുടിവെള്ളത്തിനും തീ വീല ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സിനിമ നിർമാതാവ് ജി സുരേഷ് കുമാർ. മൾട്ടിപ്ലക്‌സുകളിൽ നടക്കുന്നത് കൊള്ളയാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സുരേഷ് കുമാർ പറഞ്ഞു.

'സാധാരണ തീയറ്ററുകളിൽ ഉപഭോക്താക്കളിൽ നിന്ന് ലഘുഭക്ഷണത്തിനായി വലിയ തുക ഈടാക്കുന്നില്ല. മൾട്ടിപ്ലക്‌സിൽ നടക്കുന്നത് പരസ്യമായ കൊള്ളയടിക്കലാണ്. ഞാൻ ഒരു പടം കാണാൻ പോയപ്പോൾ 240 രൂപയുടെ ടിക്കറ്റ് ആണ് എടുത്തത്. ഒരുപോപ്‌കോൺ വാങ്ങിച്ചപ്പോൾ 483 രൂപയും ഒരുകുപ്പി വെള്ളത്തിന് 90 രൂപയുമാണ് ഈടാക്കിയത്. ഈ പോപ്പ് കോണിൽ സ്വർണം അരച്ചിട്ടുണ്ടോ?, സുപ്രീം കോടതി വിധിയുണ്ടെന്നാണ് അവർ പറയുന്നത്. ഇതിന് ഒരു അറുതി വേണ്ടേ. ഇക്കാര്യത്തിൽ സർക്കാരുകൾ ഇടപെടേണ്ട കാലം കഴിഞ്ഞു'- സുരേഷ് കുമാർ പറഞ്ഞു.

'ഒരു സിനിമ ടിക്കറ്റിനെക്കാൾ ഇരട്ടി പോപ്‌കോണിന് ചെലവാണങ്കിൽ ഒരുകുടുംബത്തിന് ഒരു സിനിമ കാണാൻ എത്ര രൂപ വേണ്ടിവരും. കാശുള്ളവന് ഇതൊന്നും വലിയ പ്രശ്‌നമായിരിക്കില്ല. സാധാരണക്കാരന് ഒരു മൾട്ടിഫ്‌ലക്‌സിൽ വന്ന് സിനിമ കാണുകയാണെങ്കിൽ എന്തു ചെയ്യും. സാധാരണക്കാർ ആരും ഇവിടെ വരരുതെന്നാകും അവരുടെ ധാരണ. വെളിയിൽ നിന്ന് ഒരു സാധനവും കൊണ്ടുവരാൻ അവർ സമ്മതിക്കില്ല. നിയമത്തിന്റെ പഴുതുവച്ചാണ് ഇവർ ഇക്കാര്യം പറയുന്നത്. സുപ്രീം കോടതി വിധി റിവ്യൂ ചെയ്യുന്നതിനായി എന്തെങ്കിലും ചെയ്യണം'- സുരേഷ് കുമാർ പറഞ്ഞു.

ലഘുഭക്ഷണത്തിന് വില കുറച്ചാൽ ആളുകൾ കൂടുതലായി സിനിമ കാണാൻ തീയറ്ററുകളിൽ എത്തുമെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. ഇപ്പോൾ സെലക്ട് ചെയ്താണ് ആളുകൾ സിനിമയ്ക്ക് എത്തുന്നത്. കുട്ടികളുമായി എത്തുമ്പോൾ ഇന്റർവെൽ സമയത്ത് അവർ പോപ്പ് കോണിനായി ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് പറയാൻ പറ്റില്ല. അത് മുതലെടുക്കുകയാണ് അവർ ചെയ്യുന്നത്. അവർക്ക് ന്യായമായ വില വാങ്ങാം. എന്നാൽ കൊള്ളയടി അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് സർക്കാർ ആലോചിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു.

തീയറ്ററുകളിലെ തീവെട്ടി കൊള്ളക്കെതിരെ ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മാളുകളിലുള്ള മൾട്ടിപ്ലക്‌സ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നു എന്ന പരാതി ശക്തമായതോടെയായിരുന്നു പരിശോധന. കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസിൽ പരിശോധനയിൽ 360 ഗ്രാം പോപ്കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ ഇത് അൺപാക്ട് ഫുഡ് ഗണത്തിൽ വരുന്നതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ വാദം. അതിനിടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു.