തളിപ്പറമ്പിലെ ഒരുപറ്റം സിനിമാ പ്രേമികളുടെ കൂട്ടായ്മയിൽ ഒരുക്കിയ '1098' സിനിമ തിയേറ്ററുകളിലെത്തി

. തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

 

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമ കൂടിയാണ് 1098

 തളിപ്പറമ്പിലെ ഒരുപറ്റം സിനിമാ പ്രേമികളുടെ കൂട്ടായ്മയിൽ ഒരുക്കിയ 1098 സിനിമ തിയേറ്ററുകളിലെത്തി. തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സിനിമ കൂടിയാണ് 1098

ഗുരു ഗോവിന്ദ് സംവിധാനവും രചനയും നിർവഹിച്ച സിനിമ കണ്ണൂർ ജില്ലയിലെ ഒരു ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്.കുട്ടികൾക്കെതിരായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ചൈൽഡ് ലൈൻ നടത്തുന്ന മികച്ച ഇടപെടലുകൾ കൂടിയാണ് സിനിമ പൊതുസമൂഹത്തിനു മുമ്പിൽ എത്തിക്കുന്നത്. കണ്ണൂർ, തളിപ്പറമ്പ്, വായാട്ടുപറമ്പ്, മാടായി തുടങ്ങിയ പ്രദേശങ്ങളിലാണ് 1098 ൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. സന്തോഷ് കീഴാറ്റൂർ, അഡ്വ.സി.ഷുക്കൂർ, മോനിഷ മോഹൻ, റിയാസ് കെ.എം.ആർ, അനുറാം, എം.ആർ.മണിബാബു, രാജേഷ് പൂന്തുരുത്തി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. കണ്ണൂരിലും തളിപ്പറമ്പിലും ഉള്ള നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

വെറുതെ ഒരു സിനിമ ചെയ്യുക എന്നതിൽ നിന്നുപരിയായി സമൂഹത്തിന് അവബോധം ഉണ്ടാക്കുന്ന ഏതെങ്കിലും ഒരു വിഷയം മുന്നോട്ടുവയ്ക്കുക എന്ന ദൗത്യം കൂടിയാണ് സിനിമയ്ക്കായി പ്രവർത്തിച്ചവർ ഏറ്റെടുത്തതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. നിലവിൽ കമ്പിൽ സ്കൂളിൽ ഒരു കുട്ടി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവം ഉണ്ടായിട്ടുണ്ട്. ഈ സിനിമയിലും സമാനമായ പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്നും  ഇന്നും കുട്ടികൾ പല അധ്യാപകരാലും വേട്ടയാടപ്പെടുന്നു എന്നത് ഒരു നഗ്നസത്യമാണെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാന്തൻ' ഉൾപ്പെടെയുള്ള നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച പ്രിയൻ ആണ് ഛായാഗ്രഹണം. മെറ്റാ മോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി.ജയചിത്രയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. വി.ശിവപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. രഞ്ജിത്ത് പുത്തലത്ത് എഡിറ്റിങ്ങും ഷെബി ഫിലിപ്പ് കലാസംവിധാനവും നിർവഹിച്ചു. 

ഹരിമുരളി ഉണ്ണികൃഷ്ണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ വസ്ത്രാലങ്കാരം അനു ശ്രീകുമാർ, ചമയം സുനിത ബാലകൃഷ്ണൻ എന്നിവരാണ്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഈ സിനിമ ഒരുക്കിയതെന്നും രണ്ടുവർഷത്തോളം സമയമെടുത്താണ് ഇത് പൂർത്തീകരിക്കാൻ ആയതെന്നും സംവിധായകൻ  ഗുരു ഗോവിന്ദ് പറഞ്ഞു 

നിലവിൽ ബാങ്കോക്ക് മൂവി അവാർഡ്, റോഹിപ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം, മകിഴ്മതി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹകൻ തുടങ്ങിയ പുരസ്‌കാരങ്ങൾ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.