‘മോളിവുഡ് ടൈംസ്’ ജിയോ ഹോട്ട്സ്റ്റാറിലൂടെ എത്തും 

 

 ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയും സിനിമയിലെ രാഷ്ട്രീയവും പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതുവരെയായി മോളിവുഡ് ടൈംസ് 15 കോടി നേടിയിട്ടുണ്ട് എന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട്. തിയേറ്റർ പ്രദർശനങ്ങൾ പൂർത്തിയായ ശേഷം ചിത്രം പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വിനീത് മാധവൻ എന്ന യുവാവിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കും അതിന്റെ പ്രതിസന്ധികളിലേക്കുമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലും സ്റ്റൈലിലുമാണ് നസ്‌ലെൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നസ്‌ലെനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ജഗദീഷ്, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവർ കാമിയോ റോളുകളിലും ചിത്രത്തിലെത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാമു സുനിലാണ്.