വേറിട്ട വഴി തേടുന്ന മോളിവുഡ് ടൈംസ്
അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ജൂൺ 5 ന് തീയറ്ററുകളിൽ എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. രാമു സുനിൽ തിരക്കഥ എഴുതിയ ചിത്രത്തിൽ നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ, ജഗദീഷ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അഭിനവ് സുന്ദർ നായകിന്റെ സംവിധാനത്തിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ജൂൺ 5 ന് തീയറ്ററുകളിൽ എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. രാമു സുനിൽ തിരക്കഥ എഴുതിയ ചിത്രത്തിൽ നസ്ലിൻ, സംഗീത്, ഷറഫുദ്ദീൻ, ജഗദീഷ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പേരു പോലെ തന്നെ സിനിമയ്ക്കുള്ളിലെ സിനിമയാണ് മോളിവുഡ് ടൈംസ് വിഷയമാക്കിയിരിക്കുന്നത്. വേറിട്ട വഴിയിൽ കഥ പറയാൻ ശ്രമിക്കുന്ന ചിത്രം ചിലയിടത്ത് ഒക്കെ രസിപ്പിച്ചും ചിലയിടത്ത് മുഷിപ്പിച്ചും മുന്നേറുന്നു.
അഭിനവ് സുന്ദർ നായക് എന്ന സംവിധായകൻ മലയാള സിനിമയിൽ വരവറിയിച്ചത് വിനീത് ശ്രീനിവാസൻ നായകൻ ആയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന വ്യത്യസ്ത ചിത്രത്തിലൂടെ ആയിരുന്നു. തന്റെ രണ്ടാം വരവിലും അഭിനവ് പരിചിത വഴികളിലൂടെ സഞ്ചരിക്കാൻ മുതിരുന്നില്ല. എന്നാൽ പുതിയ വഴി വെട്ടി തെളിക്കാൻ ഉള്ള ശ്രമത്തിൽ ഇക്കുറി നൂറ് ശതമാനം സംതൃപ്തി നൽകുന്ന ചിത്രം സമ്മാനിക്കാൻ സംവിധായകന് സാധിക്കുന്നുമില്ല. മലയാള സിനിമയിൽ സ്വന്തമായി ഒരു കസേര ഉറപ്പിക്കാൻ ഇറങ്ങിപുറപ്പെടുന്ന വിനീത് മാധവൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മോളിവുഡ് ടൈംസ്. അതിൽ അവൻ നേരിടുന്ന പ്രതിസന്ധികളും ചതിക്കുഴികളും ഹാസ്യത്തിന്റെ മെമ്പൊടിയിൽ പറഞ്ഞ് വയ്ക്കപ്പെടുന്നു. സ്വപ്നത്തിന് പിന്നാലെ പോകുന്ന നായകന്റെ കഥ രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്. എന്നിരുന്നാലും പലയിടത്തും ഫോക്കസ് നഷ്ടപ്പെടുന്നത് പ്രേക്ഷകനെയും ചെറുതായി സിനിമയിൽ നിന്ന് അകറ്റുന്നുണ്ട്. ചില കഥാപാത്ര സൃഷ്ടികളിലെ വ്യക്തത ഇല്ലായ്മയും കല്ലുകടി ആകുന്നു. നരേറ്റീവ് ടെക്നിക്കുകളിൽ പുതുമ സൃഷ്ടിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ ഒരേ സമയം ലക്ഷ്യം കാണുകയും ലക്ഷ്യം പിഴയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രോമിസിംഗ് ആയ ഒരു ഇന്റർവെൽ പോയിന്റിൽ നിന്ന് ഇനി സിനിമയുടെ ഗിയർ മാറി പുതിയ സാധ്യതകളിലേക്ക് പോവുക ആണെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. നസ്ലിന്റെ സ്ക്രീൻ പ്രസൻസ് ചിത്രം എൻജോയബിൾ ആക്കാൻ ചെറുതായൊന്നും അല്ല സഹായിക്കുന്നത്. നസ്ലിൻ ഉള്ള സീനുകളിൽ എല്ലാം അയാൾ എന്തെങ്കിലും രസങ്ങൾ പ്രേക്ഷകന് കൊടുത്ത് കൊണ്ടേയിരിക്കുന്നു. മറ്റു അഭിനേതാക്കളും മോശമല്ലാത്ത പ്രകടനങ്ങൾ ആയിരുന്നുവെങ്കിലും എടുത്ത് പറയത്തക്ക ഒന്നും ആരിൽ നിന്നും ഉണ്ടായില്ല.
മലയാള സിനിമയിൽ പരസ്യമായും രഹസ്യമായും നിലനിൽക്കുന്ന പല രീതികളെയും മോളിവുഡ് ടൈംസ് അഡ്രെസ്സ് ചെയ്ത് പോകുന്നുണ്ട്. സിനിമയുടെ പിന്നമ്പുറങ്ങളിലേക്ക് വലിയ താൽപ്പര്യം ഇല്ലാത്ത സാധാരണ പ്രേക്ഷകർക്ക് ചിത്രം പൂർണ്ണമായും ആസ്വദിക്കാൻ പറ്റുമോ എന്നത് സംശയകരമായ കാര്യമാണ്. തിരക്കഥയിലെ സ്ഥിരത ഇല്ലായ്മയും ഫോക്കസ് ഇല്ലായ്മയും ഒരു മുഴുനീള എന്റർടെയിനർ ആകുന്നതിൽ നിന്നും മോളിവുഡ് ടൈംസിനെ തടയിടുന്നുണ്ട് എങ്കിലും മോശമല്ലാത്ത ഒരു സിനിമാനുഭവം തന്നെ ആണ് ചിത്രം. നസ്ലിന്റെ കരിയറിൽ മറ്റൊരു ഹിറ്റ് ചിത്രം ആയേക്കാം മോളിവുഡ് ടൈംസ്. അഭിനവ് സുന്ദർ നായക് പ്രതീക്ഷ വെക്കാവുന്ന സംവിധായകൻ ആണെന്നതും നിസ്സംശയമായ കാര്യമാണ്. പൂർണ്ണ സംതൃപ്തി നൽകി ഇല്ലെങ്കിലും ഒരു തവണ തീയേറ്ററിൽ കണ്ടിരിക്കാവുന്ന സിനിമാനുഭവം തന്നെയാണ് മോളിവുഡ് ടൈംസ്.