'ഡൺ മൈ പാർട്ട്, യുവർ ട്യൂൺ' ; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ചിത്രം പങ്കുവെച്ച് മോഹൻലാൽ 

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിൽ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. 'ഡൺ മൈ പാർട്ട് യുവർ ട്യൂൺ' എന്ന് എഴുതി മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തികാട്ടി

 

 തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. നേമം മണ്ഡലത്തിൽ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. 'ഡൺ മൈ പാർട്ട് യുവർ ട്യൂൺ' എന്ന് എഴുതി മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തികാട്ടി മോഹൻലാലിന്റെ പ്രതികരണം. സമൂഹിക മാധ്യമത്തിലാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്. മോഹൻലാലിനെ കൂടാതെ മറ്റു പല പ്രമുഖരും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​ഗുരുവായൂരിർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137 നമ്പർ ബൂത്തിലെത്തി സുരേഷ്​ഗോപി വോട്ട് ചെയ്തു. കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രം ബൂത്ത് നമ്പർ 190ൽ സിനിമ താരം അജു വർഗീസ് വോട്ട് ചെയ്യാനെത്തി. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പ്രിഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്തു.

നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യു.ഡി.എഫിനെ പിന്തുണക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. പോസ്റ്റൽ വോട്ട് പലർക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമീഷൻ കുറച്ച് ജാഗ്രത പുലർത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു. വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പൂർണ ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സർവേകളിൽ യു.ഡി.എഫ് വിജയം പ്രവചിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്ന് വി.ഡി. സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് യു.ഡി.എഫ് തിരികെ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് തരംഗമായിരിക്കുമെന്നും 100 ലധികം സീറ്റ്‌ നേടുമെന്നും കെ.പി.സി.സി അധ്യക്ഷൻ‌ സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും. പേരാവൂരിൽ പതിനായിരത്തിന് മുകളിൽ‌ ഭൂരിപക്ഷം ലഭിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് വോട്ടിന് പണം നൽകിയ സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.