300 കോടിയെങ്കിലും ചിത്രം നേടട്ടെ ;  ദൃശ്യം 3 കളക്ഷനെ കുറിച്ച് മോഹൻലാൽ  

 മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഒരുങ്ങുന്നു. മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ്
 

 മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ഒരുങ്ങുന്നു. മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. നിലവിൽ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് ബുക്കിംഗിൽ വലിയ മുന്നേറ്റമാണ് ചിത്രം കാഴ്ചവെക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ മൂലം ഏപ്രിൽ രണ്ടിൽ നിന്നും റിലീസ് നീട്ടിവെച്ച ചിത്രം, മലയാളത്തിലെ മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

ചിത്രത്തിന്റെ കളക്ഷനെ കുറിച്ച് മോഹൻലാൽ പങ്കുവെച്ച വാക്കുകൾ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സിനിമ 500 കോടി നേടുമോ എന്ന ചോദ്യത്തിന്, തമാശരൂപേണ 300 കോടിയെങ്കിലും ചിത്രം നേടട്ടെ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു സിനിമയുടെ വിജയം എന്നത് ഒരു മാജിക് ആണെന്നും, അതിനൊരു രഹസ്യക്കൂട്ടോ ജാതകമോ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. വലിയ കളക്ഷൻ ലക്ഷ്യമിട്ടല്ല സിനിമകൾ ചെയ്യുന്നതെങ്കിലും, മികച്ച രീതിയിൽ ചിത്രം ഓടണമെന്നും കൂടുതൽ ആളുകൾ കാണണമെന്നും ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കി.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് യു/എ (13+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മീന, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളിലെ താരങ്ങൾക്കൊപ്പം പ്രമുഖ താരനിരയും അണിനിരക്കുന്നുണ്ട്. മെയ് 21-ന് ആഗോള റിലീസ് നടക്കുമ്പോൾ തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.