അന്യഗ്രഹ പേടകത്തിന് മുന്നിൽ മിർച്ചി ശിവ; 'തമിഴ് പടം 3' ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു

 

 തമിഴ് സിനിമയിലെ സ്പൂഫ് കോമഡി ഫ്രാഞ്ചൈസിയായ 'തമിഴ് പടം' മൂന്നാം ഭാഗവുമായി തിരിച്ചെത്തുന്നു. സംവിധായകൻ സി.എസ്. അമുദനാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മിർച്ചി ശിവ നായകനായി തിരിച്ചെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

പോസ്റ്ററിൽ സ്റ്റൈലിഷ് വേഷത്തിൽ നിൽക്കുന്ന ശിവയ്ക്ക് മുന്നിൽ അന്യഗ്രഹ പേടകമെന്ന് തോന്നിക്കുന്ന ദൃശ്യമാണ് കാണുന്നത്. ഇതോടെ പുതിയ ഭാഗം സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിലുള്ള ഹാസ്യപരീക്ഷണമായിരിക്കുമോ എന്ന ആകാംക്ഷ ആരാധകർക്കിടയിൽ ഉയർന്നിട്ടുണ്ട്. താരത്തെ 'ഇന്റർഗാലാക്ടിക് സൂപ്പർസ്റ്റാർ' എന്ന വിശേഷണത്തോടെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

'ബിഗർ, ബെറ്റർ, ഔട്ട് ഓഫ് ദ വേൾഡ്. വീ ആർ ബാക്ക്' എന്ന പ്രഖ്യാപനവാചകത്തോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിന്റെ കഥ, മറ്റ് അഭിനേതാക്കൾ, റിലീസ് തീയതി തുടങ്ങിയ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.