‘ജെൻസി കുട്ടികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന തരത്തിലുള്ള ചിന്താഗതികൾ ഇപ്പോൾ കുറഞ്ഞു’ ; മീനാക്ഷി അനൂപ്

 സിജെപി പ്രതിഷേധങ്ങൾക്ക് ശേഷം ജെൻസി തലമുറയെക്കുറിച്ചുള്ള പൊതുധാരണകൾക്ക് മാറ്റം വന്നിട്ടുണ്ടെന്ന് നടി മീനാക്ഷി അനൂപ്. ജെൻസി കുട്ടികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന തരത്തിലുള്ള ചിന്താഗതികൾ ഇപ്പോൾ കുറഞ്ഞുവെന്നാണ് മീനാക്ഷിയുടെ നിരീക്ഷണം. ജെൻസികൾക്കിടയിൽ വാസ്തവത്തിൽ രാഷ്ട്രീയ അവബോധം കൂടുതലാണെന്നും താരം അഭിപ്രായപ്പെട്ടു.

 

 സിജെപി പ്രതിഷേധങ്ങൾക്ക് ശേഷം ജെൻസി തലമുറയെക്കുറിച്ചുള്ള പൊതുധാരണകൾക്ക് മാറ്റം വന്നിട്ടുണ്ടെന്ന് നടി മീനാക്ഷി അനൂപ്. ജെൻസി കുട്ടികൾക്ക് രാഷ്ട്രീയം അറിയില്ലെന്ന തരത്തിലുള്ള ചിന്താഗതികൾ ഇപ്പോൾ കുറഞ്ഞുവെന്നാണ് മീനാക്ഷിയുടെ നിരീക്ഷണം. ജെൻസികൾക്കിടയിൽ വാസ്തവത്തിൽ രാഷ്ട്രീയ അവബോധം കൂടുതലാണെന്നും താരം അഭിപ്രായപ്പെട്ടു.

അഞ്ജന വിൻസെന്റ് അവതരിപ്പിക്കുന്ന 'മിക്സ്റ്റേക്ക് ബൈ അഞ്ജന വിൻസന്റ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് മീനാക്ഷി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. രാഷ്ട്രീയം എന്നാൽ രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് സംസാരിക്കുന്നതോ പാർട്ടികൾ തമ്മിൽ വിമർശിക്കുന്നതോ മാത്രമല്ലെന്ന് മീനാക്ഷി പറയുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും തലമുറയിലുള്ളവർ പലപ്പോഴും രാഷ്ട്രീയത്തെ അങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടി.

ജെൻസി തലമുറയുടെ ദൈനംദിന ജീവിതത്തിൽ തന്നെ രാഷ്ട്രീയമുണ്ടെന്നാണ് മീനാക്ഷിയുടെ വാദം. തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയാൻ അവർ മടിക്കുന്നില്ല. ഒരു പെൺകുട്ടിയോട് പുറത്ത് വെച്ച് ആരെങ്കിലും മോശമായി പെരുമാറിയാൽ അത് ചോദ്യം ചെയ്യാൻ നൂറുകണക്കിന് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചുവരുന്നുണ്ടെന്നും മീനാക്ഷി പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ തന്നെ ഇത് പ്രകടമാണ്. ബോഡി ഷെയ്മിങ് പോലുള്ള വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതികരിക്കുന്ന 99 ശതമാനം പേരും ജെൻസികളാണ്. 'മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? നിറത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത്?' എന്നൊക്കെ ചോദിക്കാൻ അവർക്ക് ധൈര്യമുണ്ട്. അതുതന്നെയാണ് യഥാർത്ഥ രാഷ്ട്രീയമെന്നും മീനാക്ഷി വ്യക്തമാക്കി.

നിത്യജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിനെ ചോദ്യം ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് രാഷ്ട്രീയമെന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് മാത്രം പറയുന്നതല്ല രാഷ്ട്രീയം എന്ന തിരിച്ചറിവാണ് വേണ്ടതെന്നും മീനാക്ഷി പറഞ്ഞു.

ഇന്ത്യ പോലെ ജനാധിപത്യ മതേതര രാജ്യത്ത് നിരവധി രാഷ്ട്രീയ പാർട്ടികളുണ്ട്. ഇവിടെ ജീവിക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിരവധി മനുഷ്യരാണ്. ജനാധിപത്യ രാജ്യമായതുകൊണ്ട് തന്നെ നമ്മുടെ കാഴ്ചപ്പാടിനോട് ഏറ്റവും ചേർന്നുനിൽക്കുന്ന പാർട്ടിയോടൊപ്പം നിൽക്കാൻ നമുക്ക് കഴിയുമെന്നും മീനാക്ഷി പറഞ്ഞു.

ഒരു പാർട്ടിയോട് ചേർന്ന് നിൽക്കുന്നു എന്നതുകൊണ്ട് മറ്റ് പാർട്ടികളെല്ലാം വൃത്തികെട്ടതാണെന്നല്ല അർഥമെന്നും മീനാക്ഷി ഓർമിപ്പിച്ചു. നമ്മുടെ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന പാർട്ടിയെ പിന്തുണക്കുക എന്നതാണ് ചെയ്യുന്നത്. താൻ പിന്തുണക്കുന്ന പാർട്ടി നൂറ് ശതമാനവും നല്ലതാണെന്നല്ല അതിനർഥം. ഇത്രയധികം ആളുകളുള്ള ഒരു രാജ്യത്ത് ജനാധിപത്യപരമായി ഒരുമിച്ച് നിൽക്കുക എന്നത് എളുപ്പമല്ലെന്നും അവർ പറഞ്ഞു.

അതുകൊണ്ട് തന്നെ നമുക്ക് ചേരുന്ന ആശയത്തോടൊപ്പം നിൽക്കുക എന്നതേയുള്ളൂ. ഒരു പാർട്ടിയിൽ വിശ്വസിക്കുന്നു എന്നതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ന്യായീകരിക്കണമെന്നില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. തെറ്റ് സംഭവിച്ചാൽ അത് അംഗീകരിക്കാൻ എല്ലാവർക്കും കഴിയണം. വീട്ടിലെ ആരെങ്കിലും തെറ്റ് ചെയ്താൽ അത് മോശമായി പോയെന്ന് പറയാൻ കഴിയണം. വീട്ടുകാരായതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാൻ കഴിയില്ലല്ലോ എന്നും മീനാക്ഷി വ്യക്തമാക്കി.