പ്രണയത്തിൽ നിന്ന് വിവാഹത്തിലേക്ക്; ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി ജിഷിനും അമേയയും
മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ശ്രീകൃഷ്‍ണ ക്ഷേത്രത്തിൽ വെച്ചു നടന്ന ചടങ്ങിലായിരുന്നു വിവാഹം. ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഓഫ് വൈറ്റും ഗോൾഡും കലർന്ന കുർത്തയും കസവുമുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് ട്രഡീഷണൽ ലുക്കിലാണ് അമേയയും താലികെട്ടിനായി എത്തതിയത്. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തി.
''ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹവും ആശീർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്", എന്നാണ് വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജിഷിനും അമേയയും പ്രതികരിച്ചത്.
''ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് താലി ചാർത്താനായതിൽ വളരെയധികം സന്തോഷം. ഇവിടെ എത്തിയപ്പോൾ സ്ളോട്ട് ടൈം മാറിയതിന്റെ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ എല്ലാം ഭംഗിയായി നടന്നു. മിക്കവാറും എല്ലാ മാസവും ചെറിയ ചെറിയ യാത്രകളൊക്കെ ഞങ്ങൾ പോകാറുണ്ട്. അതുകൊണ്ടു തന്നെ ഹണിമൂൺ ആയിട്ടൊന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല'', എന്നും വിവാഹശേഷം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇരുവരും പ്രതികരിച്ചു.