ഓട്ടോ വാങ്ങി കൊടുത്തതും, കല്യാണം നടത്തി കൊടുത്തതുമുള്‍പ്പെടെ ഒരു നൂറു കഥകളാണ് പലരും പറയുന്നത്, അച്ഛന്‍ ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല ; ശ്രീനിവാസനെ കുറിച്ച് ധ്യാന്‍
കള്ളം പറയില്ല. ഒരാളെയും പേടിയില്ല. ഇതിനേക്കാള്‍ വലിയൊരു അഭിമാനിയെ കാണാന്‍ പറ്റില്ല.
പുള്ളിയുടെ അടുത്ത് സഹായത്തിനായി ഒരാള്‍ വന്നു കഴിഞ്ഞാല്‍ അതാരുമായിക്കോട്ടേ, എന്തിനും ആയിക്കോട്ടേ അതിനൊരു പരിഹാരം കണ്ടെത്തി കൊടുക്കുന്ന ആളായിരുന്നു
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ടും ചെയ്ത് വച്ച് സിനിമകളും മറ്റും എന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ മരിച്ചതിനു ശേഷമാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് ചെയ്ത നല്‍കിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും നന്മകളെക്കുറിച്ചും തങ്ങള്‍പോലും അറിയുന്നതെന്ന് ധ്യാന്‍ ഓര്‍ത്തെടുത്തു.
'അച്ഛന്‍ എല്ലാം കൊടുക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു. പുള്ളിയുടെ അടുത്ത് സഹായത്തിനായി ഒരാള്‍ വന്നു കഴിഞ്ഞാല്‍ അതാരുമായിക്കോട്ടേ, എന്തിനും ആയിക്കോട്ടേ അതിനൊരു പരിഹാരം കണ്ടെത്തി കൊടുക്കുന്ന ആളായിരുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മനുഷ്യന് വേണ്ട കാര്യം അതാണ്. കരുണയും സഹാനുഭൂതിയും ഉണ്ടായിരിക്കുക എന്നത്. അതിമനോഹരമായ ഒരു ആത്മാവ് എന്നൊക്കെ പറഞ്ഞപോലെയാണ്. കള്ളം പറയില്ല. ഒരാളെയും പേടിയില്ല. ഇതിനേക്കാള്‍ വലിയൊരു അഭിമാനിയെ കാണാന്‍ പറ്റില്ല. ഒരു പട്ടിയെയും പേടിയില്ല. എന്തിന് പേടിക്കണം. നമ്മള്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യമുണ്ടെങ്കില്‍ ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എനിക്ക് അതുകൊണ്ട് ഒരാളെയും പേടിയില്ല. സിനിമകളില്‍ വരുമ്പോള്‍ അച്ഛന്‍ ഭയങ്കര സ്വാര്‍ഥനാണ്. പണിയെടുക്കുന്നില്ലെന്ന് കണ്ട് കഴിഞ്ഞാല്‍ അച്ഛന്‍ തേച്ചൊട്ടിച്ച് കളയും. മാനസികമായി അവരെ ഭയങ്കരമായും തകര്‍ത്തു കളയും. കാരണം എന്നെയൊക്കെ പണ്ട് മാനസികമായി തളര്‍ത്തിയിട്ടുണ്ട്. പുള്ളി ഭയങ്കര റൂഡ് ആണ്. അത്രയും കഷ്ടപ്പെട്ട് സിനിമയില്‍ വന്നതു കൊണ്ട്, നിങ്ങളിതെന്താ ചെയ്യുന്നത് എന്നൊരു സാധനം ഉണ്ട് അച്ഛന്.
അച്ഛന്റെ സിനിമകള്‍... ആ ഒരു സ്വാര്‍ഥത വേണം നമുക്ക്. വളരാനൊക്കെ അത് ആവശ്യമാണ്. ആ കാര്യത്തിലൊക്കെ അദ്ദേഹം ഭയങ്കര സെല്‍ഫിഷ് ആണ്, അഭിമാനിയാണ്. അല്ലാത്തപക്ഷം അച്ഛന്‍ ഭയങ്കര നിസ്വാര്‍ഥനാണ്. എല്ലാം കൊടുക്കുന്ന ഒരാളാണ്. അച്ഛന്‍ മരിച്ച് കഴിഞ്ഞിട്ടാണ് നമ്മള്‍ അറിയുന്നത് പല കഥകളും. ഓട്ടോ വാങ്ങി കൊടുത്തതും, കല്യാണം നടത്തി കൊടുത്തതുമുള്‍പ്പെടെ ഒരു നൂറു കഥകളാണ് പലരും പറയുന്നത്. അപ്പോഴാണ് അറിയുന്നത് എത്രമാത്രം സാമ്പത്തികമായി അദ്ദേഹം മറ്റുള്ളവരെ സ??ഹായിച്ചിരുന്നുവെന്ന്. ഇതിനെക്കുറിച്ചൊന്നും നമുക്കൊരറിവുമില്ല. എനിക്കൊക്കെ തന്ന പൈസയ്ക്ക് കയ്യും കണക്കുമില്ല.
ഉള്ളില്‍ ഭയങ്കര സ്‌നേ?ഹമുണ്ടായിട്ടും പ്രകടനങ്ങളില്ലാത്ത ആളാണ്, കാട്ടിക്കൂട്ടലുകളില്ല. ഞാനെല്ലാം പ്രകടിപ്പിക്കുന്ന ആളാണ്. ഇഷ്ടമുണ്ടെങ്കില്‍ നമ്മള്‍ പ്രകടിപ്പിക്കണം. നമുക്ക് മനസിന് ഒരു സുഖം കിട്ടും. അക്കാര്യത്തിലൊക്കെ എനിക്ക് എതിര്‍പ്പുണ്ട്. അങ്ങനെ പറഞ്ഞു വരുകയാണെങ്കില്‍ പുള്ളിയേക്കാള്‍ മികച്ച മനുഷ്യന്‍ ഞാന്‍ തന്നെയായിരിക്കും,' ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.