'നിങ്ങളില്‍ പലരും ഈ സിനിമ മുന്‍പ് കണ്ടിട്ടുണ്ടാകും...എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ...'; പ്രിയദര്‍ശന്‍

മാണിക്യനെയും കാര്‍ത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

 

ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍കാറുണ്ടെന്നും അങ്ങനെയൊരു ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന് പ്രിയദര്‍ശന്‍ കുറിച്ചു.

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ സംവിധായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍കാറുണ്ടെന്നും അങ്ങനെയൊരു ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത് എന്ന് പ്രിയദര്‍ശന്‍ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്‍മാവിന്‍ കൊമ്പത്ത്'. രണ്ട് ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാര്‍ഡ് സിനിമകള്‍ക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയില്‍. മാണിക്യനെയും കാര്‍ത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകര്‍ ഈ റീ-റിലീസ് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

'മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞിന്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളില്‍ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനില്‍, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവപ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്. ഒക്ടോബര്‍ 8ന് 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളില്‍', പ്രിയദര്‍ശന്‍ കുറിച്ചു.