നിങ്ങളുടെയൊക്കെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവർക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കില്ല; മഞ്ജു വാര്യർ
താമരശേരി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്തിനു പിന്നാലെ ഉണ്ടായ തുറന്നു പറച്ചിലുകളും ആരോപണങ്ങളും കാരണം കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജനങ്ങളുടെ സ്‌നേഹമുള്ളടത്തോളം കാലം മലയാള സിനിമയ്‌ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. താമരശേരിയിൽ ഒരു ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്‌താവന. നടൻ ടൊവിനോ തോമസും ചടങ്ങിൽ ഉണ്ടായിരുന്നു
''താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നുപോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങൾ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ സ്നേഹവും പ്രോത്സാഹനവും ഒക്കെ ഉള്ളിടത്തോളം കാലം എനിക്കോ മറ്റുള്ളവർക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം" എന്നായിരുന്നു മഞ്ജു വാര്യയുടെ വാക്കുകൾ.