അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

ഒരു അമ്മയുടെ സ്ഥാനത്തു നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും, മഞ്ജുവിന്റെ രീതിയാണ് നല്ലതെന്നും മല്ലിക വ്യക്തമാക്കി. 

 

പേര് പരാമര്‍ശിക്കാതെ ചിലര്‍ നടത്തുന്ന വിവാദ വെളിപ്പെടുത്തലുകള്‍ക്കും പ്രതികരണങ്ങള്‍ക്കുമെതിരെയും മല്ലിക രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

നടി മഞ്ജു വാര്യരെ പിന്തുണച്ചും സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളെയും വിവാദങ്ങളെയും വിമര്‍ശിച്ചും നടി മല്ലിക സുകുമാരന്‍. ഒരു അമ്മയുടെ സ്ഥാനത്തു നിന്നാണ് താന്‍ സംസാരിക്കുന്നതെന്നും, മഞ്ജുവിന്റെ രീതിയാണ് നല്ലതെന്നും മല്ലിക വ്യക്തമാക്കി. 


'മഞ്ജുവിന്റെ രീതി നല്ലതാണെന്നാണ് എന്റെ അഭിപ്രായം. എനിക്ക് ആ കുട്ടിയോട് വലിയ ബഹുമാനമാണ്. എന്തിനാണ് ആവശ്യമില്ലാതെ സംസാരിക്കുന്നത്? അനുഭവിക്കാനുള്ളതെല്ലാം അവള്‍ അനുഭവിച്ചു. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരുടേയും മനസില്‍ അത് തോന്നും. കേരളത്തിലെ മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അവര്‍ അഭ്യര്‍ത്ഥനയും ഉന്നയിച്ചു. ആ സെക്രട്ടറിയേറ്റിന് മുമ്പില്‍ എന്താണ് നടക്കുന്നത്? കേരളത്തിലെ പെണ്ണുങ്ങള്‍ നിങ്ങളുടെ കാല് തൊട്ട് നമസ്‌കരിക്കും. ആ കസേരയോടെ അങ്ങേരെ അവിടുന്ന് എടുത്ത് മാറ്റാന്‍ പറ്റുമോ ആര്‍ക്കെങ്കിലും?; മല്ലിക ചോദിക്കുന്നു.

കൂടാതെ, പേര് പരാമര്‍ശിക്കാതെ ചിലര്‍ നടത്തുന്ന വിവാദ വെളിപ്പെടുത്തലുകള്‍ക്കും പ്രതികരണങ്ങള്‍ക്കുമെതിരെയും മല്ലിക രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. 'എവിടെയായിരുന്നു ഇങ്ങേര്? പ്രേമിച്ച കാലം തൊട്ടുള്ള കഥകളൊന്നും ഞങ്ങളാരും കേട്ടിട്ടില്ലല്ലോ. ആ കൊച്ച് ഒന്ന് മനസമാധാനത്തോടെ രണ്ടാമത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇങ്ങേര്‍ക്കിത് പറയാന്‍ തോന്നിയത്? അപ്പോഴെ അറിഞ്ഞൂടെ കള്ളനാണെന്ന്. അയാളെ എനിക്ക് അറിയില്ല. അയാളെപ്പറ്റി പറയാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ ഈ കാണിക്കുന്ന പ്രവര്‍ത്തിയൊന്നും ശരിയല്ല.

അഞ്ചാറ് പെണ്ണുങ്ങള്‍ അവിടെ കുത്തിയിരുന്ന് ഇവനെ പറ്റി ഇതുപോലെ ഓരോ കഥയങ്ങ് പറഞ്ഞാലോ? പിന്നെ തെളിയിക്കാന്‍ പോണ്ടേ? അങ്ങനെ തെളിയിക്കാന്‍ പോകാത്തവരെല്ലാം മണ്ടന്മാരാണെന്ന് വിചാരിക്കരുത്. സെല്‍ഫ് റെസ്പെക്ട് ഉള്ളതുകൊണ്ട് എന്തിനാണ് ഇവനൊക്കെ മറുപടി കൊടുക്കാന്‍ പോകുന്നതെന്ന് ചിന്തിക്കുന്നതാണ്,' മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.