കാടും പഴയ ജയിലും പുലിപ്പേടിയും ; കൃഷ്ണാനന്ദിന്റെ പുതിയ സിനിമയ്ക്ക് 'മഞ്ചിയം' എന്ന് പേര്
വ്യത്യസ്തമായ സിനിമാ അവതരണത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ കൃഷ്ണാനന്ദിന്റെ പുതിയ ചിത്രത്തിന് 'മഞ്ചിയം – ദി ബോട്ടണി ഓഫ് എ ക്രൈം' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതോടെ സിനിമാപ്രേമികൾക്കിടയിൽ കൗതുകം ഉയർന്നിരിക്കുകയാണ്. സംവിധായകന്റെ ആറാമത്തെ ചിത്രമാണിത്.
മഴനനഞ്ഞ നിബിഡവനവും 'തൊണ്ടിമാടം പ്രിസൺസ്' എന്ന് രേഖപ്പെടുത്തിയ പഴയ ജയിൽ കവാടവും വേട്ടയ്ക്കൊരുങ്ങുന്ന പുലിയുമാണ് പോസ്റ്ററിലെ പ്രധാന ദൃശ്യങ്ങൾ. 'മരം മറന്നാലും കോടാലി മറക്കില്ല' എന്ന ആശയം നൽകുന്ന ടാഗ്ലൈനും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആകാംക്ഷ സൃഷ്ടിക്കുന്നു.
സഞ്ജു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു, ദിവ്യ പ്രഭ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് നിർമാണം. ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.