100 കോടി ക്ലബ്ബിൽ സൂരി നായകനായ ‘മണ്ടാടി’

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കടലിലെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കടലിലെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു.

ആർ.എസ്. ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുഹാസ് ആണ് വില്ലനായി എത്തുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷൻ ഡ്രാമയാണിത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ ഒരു സെയിലിംഗ് ബോട്ട് മത്സരത്തെയും മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെയും കഥയാണ് ചിത്രം പറയുന്നത്. സൂരിയെ ഏറെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സൂരിക്ക് പുറമെ പ്രശസ്ത നടൻ സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്.