മമ്മൂട്ടി ചിത്രം പരാജയമായിരുന്നു എന്ന് നിര്‍മാതാവ്, പിന്നാലെ വൈറലായി ആരാധകന്റെ കമന്റ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 

താങ്കള്‍ക്ക് 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന മറ്റൊരു കമന്റിന് 'അതെ' എന്ന് ദിനേശ് പണിക്കര്‍ പ്രതികരിച്ചിട്ടുണ്ട്.

 

ഈ സിനിമയെക്കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ വാക്കുകളും അതിന് ലഭിച്ച കമന്റുകളുമാണ് ചിരിപടര്‍ത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1999 ല്‍ പുറത്തെത്തിയ ചിത്രമാണ് സ്റ്റാലിന്‍ ശിവദാസ്. ഒരു പൊളിറ്റിക്കല്‍ ക്രൈം ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് തിയേറ്ററില്‍ വിജയിക്കാനായില്ല. നടന്‍ കൂടിയായ ദിനേശ് പണിക്കര്‍ ആയിരുന്നു ഈ ചിത്രം നിര്‍മിച്ചത്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ വാക്കുകളും അതിന് ലഭിച്ച കമന്റുകളുമാണ് ചിരിപടര്‍ത്തുന്നത്.

'1999 ല്‍ ഏറെ പ്രതീക്ഷയോടെ ഞാന്‍ നിര്‍മ്മിച്ച, ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള ആദ്യം ചെങ്കൊടി എന്ന് പേരിട്ട ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത, പിന്നീട് സ്റ്റാലിന്‍ ശിവദാസ് എന്ന പേരില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിന്‍ ശിവദാസ് എനിക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റന്‍ രാജു, ശങ്കര്‍, മധുപാല്‍, മധു സാര്‍, മണിയന്‍ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു', എന്നായിരുന്നു പി ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പടം ഫ്ലോപ്പ് ആയിരുന്നില്ലെന്നും നിര്‍മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു എന്നുമായിരുന്നു ഈ പോസ്റ്റിന് താഴെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാസം കമന്റുകളിലൂടെ ശ്രദ്ധേയനായ സംഗീത് ശേഖര്‍ എന്നയാളുടെ പ്രതികരണം.

ഇത് നിര്‍മാതാവ് തന്നെ ഇട്ട പോസ്റ്റ് ആണെന്ന് പലരും പ്രതികരണവുമായി എത്തിയതിന് പിന്നാലെ ദിനേശ് പണിക്കര്‍ തന്നെ ഇതിന് മറുപടിയുമായി എത്തി. 'താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കമന്റ് ഇട്ടയാളും എത്തി. ഈ കമന്റിന്റെയും നിര്‍മാതാവിന്റെ പ്രതികരണത്തിന്റെയും സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താങ്കള്‍ക്ക് 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന മറ്റൊരു കമന്റിന് 'അതെ' എന്ന് ദിനേശ് പണിക്കര്‍ പ്രതികരിച്ചിട്ടുണ്ട്.