ദൃശ്യത്തിന്റെ ആദ്യഭാഗം മമ്മൂട്ടി നിരസിച്ചു ; യഥാർത്ഥ കാരണം വെളിപ്പെടുത്തി  ജീത്തു ജോസഫ് 

സിനിമാസ്വാദകർ ‘ദൃശ്യം 3’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന് ലഭിക്കുന്ന ഗംഭീര കയ്യടികൾ മൂന്നാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. ഇതിനിടെ, 2013-ൽ പുറത്തിറങ്ങി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യത്തിന്റെ ആദ്യഭാഗം മമ്മൂട്ടി നിരസിച്ചതിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്.

 

 സിനിമാസ്വാദകർ ‘ദൃശ്യം 3’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന് ലഭിക്കുന്ന ഗംഭീര കയ്യടികൾ മൂന്നാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്. ഇതിനിടെ, 2013-ൽ പുറത്തിറങ്ങി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യത്തിന്റെ ആദ്യഭാഗം മമ്മൂട്ടി നിരസിച്ചതിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. മമ്മൂട്ടി ദൃശ്യം നിരസിച്ചത് അദ്ദേഹത്തിന് സംഭവിച്ച വലിയൊരു നഷ്ടമാണെന്ന് പലരും വിലയിരുത്തുമ്പോൾ, ഇതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തുന്ന സംവിധായകൻ ജീത്തു ജോസഫിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ദൃശ്യത്തിന്റെ കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ മറ്റ് ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും ജീത്തു പറയുന്നു. “മമ്മൂട്ടിക്ക് ഇഷ്ടപ്പെടാതിരുന്ന കഥയല്ല ദൃശ്യം. ഞാൻ ഈ കഥ ചെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ഗംഭീര കഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അച്ഛനും കുടുംബവുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകൾ അദ്ദേഹം അപ്പോൾ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒരേ പാറ്റേണിലുള്ള സിനിമകൾ അടുപ്പിച്ച് ചെയ്യാത്തതിനാൽ, ഒന്നുകിൽ ഒന്നര-രണ്ട് വർഷം കാത്തിരിക്കാനോ അല്ലെങ്കിൽ മറ്റാരെയെങ്കിലും വെച്ച് സിനിമ ചെയ്യാനോ അദ്ദേഹം നിർദ്ദേശിച്ചു” ജീത്തു ജോസഫ് പറഞ്ഞു.

പിന്നീട് മോഹൻലാലിലേക്ക് ഈ പ്രോജക്ട് എത്തിയെങ്കിലും, ചിത്രത്തിന്റെ കാസ്റ്റിംഗിൽ മമ്മൂട്ടി മികച്ച പിന്തുണ നൽകിയിരുന്നതായി ജീത്തു ജോസഫ് ഓർമ്മിക്കുന്നു. മീനയുമായി സിനിമയെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടിയുടെ ഒരു ലൊക്കേഷനിലാണ് ജീത്തു പോയത്. ദൃശ്യം തീർച്ചയായും ചെയ്യേണ്ട ഒരു സിനിമയാണെന്ന് മീനയോട് പറഞ്ഞത് മമ്മൂട്ടിയായിരുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ പൊലീസുകാരനെ അവതരിപ്പിക്കാൻ കലാഭവൻ ഷാജോണിനെയാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞപ്പോൾ, അത് മികച്ച തീരുമാനമാണെന്ന് പറഞ്ഞ് മമ്മൂട്ടി പിന്തുണച്ചു. തന്റെ കാരവാനിൽ വിളിച്ചിരുത്തിയാണ് ദൃശ്യത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചതെന്നും, ഇതൊരു മികച്ച സിനിമയായി മാറണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.