സി ഐ ഡൊമിനിക്കായി മമ്മൂട്ടി, ഡയറികുറിപ്പുകൾ ഇന്ന് മുതൽ
സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' ജനുവരി 23 ന് ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തുവിടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന തലക്കെട്ടോടെ, ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോര്‍മാറ്റിലാണ് കാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകരുടെ മുന്നില്‍ പങ്കുവെക്കുന്നത്.
ഡയറിയിലെ വിവരങ്ങള്‍ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ജനുവരി എട്ടിന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെര്‍ നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.