പുതിയ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മമിത ബൈജു ; സംവിധായകൻ കമൽ
പുതിയ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മമിത ബൈജുവെന്ന് പ്രമുഖ സംവിധായകൻ കമൽ. ‘ഖോ ഖോ’ എന്ന ചിത്രത്തിലെ മമിതയുടെ മികവുറ്റ പ്രകടനം കണ്ടാണ് താൻ ആകൃഷ്ടനായതെന്നും, തന്റെ പുതിയ സിനിമയിലേക്ക് മമിതയെത്തന്നെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പുതിയ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മമിത ബൈജുവെന്ന് പ്രമുഖ സംവിധായകൻ കമൽ. ‘ഖോ ഖോ’ എന്ന ചിത്രത്തിലെ മമിതയുടെ മികവുറ്റ പ്രകടനം കണ്ടാണ് താൻ ആകൃഷ്ടനായതെന്നും, തന്റെ പുതിയ സിനിമയിലേക്ക് മമിതയെത്തന്നെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ ഒരു പുതുമുഖമെന്ന കാരണത്താൽ ചിത്രത്തിലെ നായകനും നിർമാതാവും ചേർന്ന് മമിതയെ ഒഴിവാക്കുകയായിരുന്നു. പിന്നീട് ‘പ്രേമലു’ റിലീസായി വലിയ തരംഗമായതോടെ ആ തീരുമാനത്തിൽ അവർക്ക് തീർച്ചയായും നഷ്ടബോധം തോന്നിയിട്ടുണ്ടാകുമെന്നും കമൽ പറയുന്നു.
തന്റെ പുതിയ ചിത്രത്തിനായി ‘ഖോ ഖോ’ കണ്ടതുമുതൽ മമിതയെ മനസ്സിൽ കണ്ടിരുന്നതായി കമൽ ഓർക്കുന്നു. പ്രൊഡ്യൂസറോടും ഹീറോയോടും ഇക്കാര്യം സംസാരിച്ചപ്പോൾ, ഒരു പുതുമുഖ നായിക പോരെന്നും കുറച്ചുകൂടി വലിയൊരു നായിക വേണമെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ ഈ കുട്ടി ഭാവിയിൽ വലിയൊരു താരമാകുമെന്ന് താൻ അവരോട് അന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നു. പിന്നീട് ‘സൂപ്പർ ശരണ്യ’ പുറത്തിറങ്ങിയതോടെ മമിതയെത്തന്നെ നായികയാക്കണമെന്ന് താൻ വീണ്ടും നിർബന്ധം പിടിക്കുകയും നായകനെ കൺവിൻസ് ചെയ്യാമെന്ന പ്രതീക്ഷയിൽ മമിതയെ നേരിട്ട് വിളിച്ച് കഥ പറയുകയും ചെയ്തു.
ചിത്രത്തിലെ അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെക്കുറിച്ച് വിവരിച്ചപ്പോൾ വളരെ കൗതുകത്തോടെയാണ് മമിത അത് കേട്ടിരുന്നതെന്നും, കഥ കേൾക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ഭാവങ്ങൾ ഇന്നും മനസ്സിലുണ്ടെന്നും കമൽ ഓർത്തെടുക്കുന്നു. ഡേറ്റ് മുൻകൂട്ടി നൽകണമെന്ന് മമിതയുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിനിമയിലെ നായിക കഥാപാത്രത്തിന് നായകനേക്കാൾ പ്രാധാന്യവും സ്ക്രീൻ സ്പേസും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയതോടെ വലിയ നായിക വേണമെന്ന കാരണം വീണ്ടും ഉന്നയിച്ച് നായകനും നിർമാതാവും ചേർന്ന് മമിതയെ പ്രൊജക്റ്റിൽ നിന്ന് അന്തിമമായി ഒഴിവാക്കുകയായിരുന്നു.
തന്റെ ദീർഘകാലത്തെ സിനിമാ കരിയറിൽ ഇതുപോലെ ഒരു അനുഭവം മുമ്പുണ്ടായിട്ടില്ലാത്തതിനാൽ അത് വലിയ വിഷമമുണ്ടാക്കിയെന്നും കമൽ പങ്കുവെച്ചു. എന്നാൽ ഈ സംഭവത്തിന് മൂന്നോ നാലോ മാസങ്ങൾക്ക് ശേഷം ‘പ്രേമലു’ റിലീസ് ചെയ്യുകയും മമിത ദക്ഷിണേന്ത്യയൊട്ടാകെ തരംഗമായി മാറുകയും ചെയ്തു. മമിതയെ വെച്ച് ആ സിനിമ ചെയ്യാമായിരുന്നുവെന്ന് പ്രൊഡ്യൂസർക്ക് ഇപ്പോൾ തീർച്ചയായും തോന്നുന്നുണ്ടാകുമെന്നും, ആ ചിത്രം ചെയ്യാനുള്ള ആഗ്രഹം തനിക്ക് ഇപ്പോഴുമുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു.