സുമതി വളവിലെ പ്രേതകഥയുമായി മാളികപ്പുറം ടീം; ടീസർ റിലീസ് ചെയ്തു
അർജുൻ അശോകൻ നായകനാകുന്ന ‘സുമതി വളവി’ന്റെ ടീസർ റിലീസ് ചെയ്തു. വർഷങ്ങളായി നിരവധി പ്രേതകഥകൾ പ്രചാരത്തിലുള്ള, തിരുവനന്തപുരത്തെ മൈലുംമൂട് സ്ഥിതി ചെയ്യുന്ന സുമതിവളവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം.
‘ജോ’ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ മാളവിക മനോജാണ് സുമതി വളവിൽ അർജുൻ അശോകന്റെ നായികയാകുന്നത്. ഇരുവർക്കുമൊപ്പം ശിവദ, സജിൻ ഗോപു, ലാൽ, അഖില ഭാർഗവൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു ശശി ശങ്കറിന്റെ തന്നെ മാളികപ്പുറമെന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെയും തിരക്കഥയൊരുക്കിയിരിക്കുന്നത്.
ടീസറിൽ അർജുൻ അശോകന്റെ കഥാപത്രത്തിന്റെ പ്രണയകഥയാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നത്തിന് പ്രതികാരമെന്ന പോലെ അർജുൻ അശോകന്റെ കഥാപാത്രവും സുഹൃത്തുക്കളും സുമതി വളവിലെത്തുന്നതും അവരെ ഞെട്ടിക്കുന്ന ചില അസ്വഭാവിക സംഭവങ്ങൾ അവിടെ വെച്ച് നടക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിൻ രാജാണ്. ശങ്കർ പി.വി ഛായാഗ്രഹണവും, ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രം മെയ് എട്ടിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.