ഓണം ആര് തൂക്കും? വരുന്നത് ബോക്സ് ഓഫീസിലെ വമ്പന്‍ ക്ലാഷ്

 
മലയാള സിനിമയെ സംബന്ധിച്ച് പ്രധാന സീസണുകൾ പലതുണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഓണക്കാലമാണ്. തമിഴ് സിനിമയ്ക്ക് പൊങ്കൽ സീസൺ പോലെയാണ് മലയാള സിനിമയ്ക്ക് ഓണം സീസൺ. അതിനാൽത്തന്നെ ഒരു ഓണം റിലീസ് കിട്ടുക എന്നത് നിർമ്മാതാക്കളെ സംബന്ധിച്ച് അത്രയും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. മലയാള സിനിമാപ്രേമിയെ സംബന്ധിച്ച് പല ഗണത്തിൽ പെടുന്ന ചിത്രങ്ങൾ ചേരുന്ന വിഭവസമൃദ്ധമായ സദൃ തന്നെ ലഭിച്ചിട്ടുള്ള മുൻ ഓണക്കാലങ്ങളുണ്ട്. എന്നാൽ തെരഞ്ഞെപ്പിന് അധികം ഓപ്ഷനുകൾ ഇല്ലാതിരുന്ന ഓണക്കാലങ്ങളും മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇത്തവണത്തെ ഓണത്തിന് ബിഗ് സ്ക്രീനിൽ പകിട്ടേറും.
ചിത്രങ്ങള്‍
മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷത്തെ ഓണം റിലീസ് ഇതിനോടകം ലക്ഷ്യം വച്ചിട്ടുള്ളത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം, പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇതില്‍ പോസ്റ്ററില്‍ ഓണം റിലീസ് എന്ന് ഔദ്യോഗികമായി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത് അതിരടിയാണ്. റിലീസ് സംബന്ധിച്ച് പ്രേക്ഷകരെ അറിയിച്ചിട്ടില്ലെങ്കിലും ഐ ആം ഗെയിം നിര്‍മ്മാതാക്കളായ വേഫെറര്‍ ഫിലിംസ് ഓണം ലക്ഷ്യമാക്കിയുള്ള തിയറ്റര്‍ ചാര്‍ട്ടിംഗ് നടത്തിയിട്ടുണ്ട്. ഖലീഫയുടെ നിര്‍മ്മാതാക്കളാവട്ടെ ഓണക്കാലമാണ് തങ്ങള്‍ റിലീസിന് ലക്ഷ്യമാക്കുന്നതെന്ന് തിയറ്റര്‍ ഉടമകളെ അറിയിച്ചിട്ടുമുണ്ട്.
സാധ്യത
ഈ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നപക്ഷം സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ ഒരു ഓണം ക്ലാഷ് ആയിരിക്കും മോളിവുഡില്‍ നടക്കുക. ഒരു ചിത്രം കൂടി ഇതേ സീസണില്‍ എത്താനും മതി. അതേസമയം ഓണത്തിന് ഇനിയും എട്ട് മാസങ്ങള്‍ കൂടി അവശേഷിക്കുന്നതിനാല്‍ നിലവിലെ ലിസ്റ്റില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്ന് ഫിയോക് പ്രസിഡന്‍റ് കെ വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇതിനകം ഓണം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങള്‍ക്കൊപ്പം മറ്റ് ചിത്രങ്ങളും ഇതേ സമയത്ത് റിലീസ് ചെയ്യപ്പെട്ടേക്കാം. ഏതായാലും ഇത്തവണത്തെ ഓണം ബോക്സ് ഓഫീസില്‍ പൊടി പാറുമെന്ന് ഉറപ്പിക്കാം