മാലാ പാര്‍വതി അവസരവാദി, നാണക്കേട് തോന്നുന്നു; വിമര്‍ശനവുമായി നടി രഞ്ജിനി

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടവര്‍ക്കെതിരെയായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം

 

പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്.

നടി മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ലൈംഗികാതിക്രമങ്ങളെ ലളിതവത്കരിച്ചുള്ള മാലാ പാര്‍വതിയുടെ പരാമര്‍ശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

'മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഈ പ്രവര്‍ത്തി കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും ഇല്ല', രഞ്ജിനി വിമര്‍ശിച്ചു.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടവര്‍ക്കെതിരെയായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. പലരും കളിതമാശ പോലും മനസ്സിലാകാത്തവരാണെന്നും ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസ്സില്‍ കൊണ്ടുനടക്കേണ്ടതുണ്ടോയെന്നുമായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

സിനിമയില്‍ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേയെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. പോടായെന്ന് പറഞ്ഞാല്‍ പോരെ. പോടായെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമല്ലേ. അതൊക്കെ മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നില്‍ക്കാനേ സാധിക്കില്ല. നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പോള്‍ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ല, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ് നഷ്ടം? സ്ത്രീകള്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകളുടെ പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്നിട്ട്, കൂടെ വരുമോ? കിടക്കുമോ? അവിടെ വരുമോ? ഇവിടെ വരുമോ? എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ട സ്‌കില്‍ ആണ്', എന്നായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളി തമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു.