തുടക്കകാലത്ത് സിനിമ തനിക്ക് വലിയ കൗതുകവും ആകാംഷയും സമ്മാനിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആളുകളുടെ പെരുമാറ്റരീതി കാരണം സിനിമ മടുത്തു : മേജർ രവി
മലയാള സിനിമയിൽ പട്ടാള ചിത്രങ്ങൾക്ക് പുതിയ മുഖം നൽകിയ പ്രശസ്ത സംവിധായകൻ മേജർ രവി സിനിമയോടുള്ള തന്റെ മടുപ്പ് തുറന്നുപറയുന്നു. തുടക്കകാലത്ത് സിനിമ തനിക്ക് വലിയ കൗതുകവും ആകാംഷയും സമ്മാനിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആളുകളുടെ പെരുമാറ്റരീതി കാരണം സിനിമ മടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാമേഖലയിലെ പലരും കടുത്ത ഈഗോ ഉള്ളവരാണെന്നും മറ്റുള്ളവരുടെ പണം വാങ്ങി സിനിമ ചെയ്യുന്ന ചില നിർമ്മാതാക്കളുടെ ഭാവം കണ്ടാൽ അവർ എന്തോ ആണെന്നാണ് വിചാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെയുള്ളവർ പാവപ്പെട്ട ആരെങ്കിലും വന്നാൽ അവരെ ക്രൂരമായി പെരുമാറി ഓടിക്കുകയാണെന്നും ഒരു അഭിമുഖത്തിൽ മേജർ രവി തുറന്നടിച്ചു.
തന്റെ ഒരു സിനിമയിൽ പോലും ഇന്നേവരെ ആർക്കും നഷ്ടം വന്നിട്ടില്ലെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. കൃത്യമായ പ്ലാനിങ്ങോടെ അതിവേഗം ഷൂട്ടിങ് പൂർത്തിയാക്കി ദിവസങ്ങൾ കുറച്ചാണ് താൻ നിർമ്മാതാക്കൾക്ക് പണം ലാഭിച്ചുകൊടുക്കാറുള്ളത്. എന്നാൽ നമ്മൾ എന്ത് ചെയ്താലും ചില നിർമ്മാതാക്കൾ നന്ദികെട്ട വർഗ്ഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്. സിനിമാ മേഖലയിൽ ചതികൾ ഇഷ്ടംപോലെ നടക്കുന്നുണ്ടെന്നും താൻ ഇന്നേവരെ ആരെയും ചതിച്ചിട്ടില്ലെങ്കിലും തന്നെ ചില നിർമ്മാതാക്കൾ ചതിച്ചിട്ടുണ്ടെന്നും പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു.