വിജയ് സേതുപതിയുടെ 'മഹാരാജ'യുടെ രണ്ടാംഭാഗം എത്തുന്നു
നിഥിലൻ സാമിനാഥൻ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് സസ്പെൻസ് ചിത്രം മഹാരാജയുടെ രണ്ടാം ഭാഗം എത്തുന്നു. തിരക്കഥ പൂർത്തിയായി. വിജയ് സേതുപതി തന്നെയാകും ചിത്രത്തിൽ നായകൻ. വിജയ് സേതുപതി ഒരു പെൺകുട്ടിയുടെ അച്ഛനായെത്തിയ കഥാപാത്രം പ്രേക്ഷകർ ഏറെ ഏറ്റെടുത്ത ഒന്നായിരുന്നു. വലിയ പ്രൊമോഷനുകൾ ഒന്നുമില്ലാതെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു.
'സംവിധായകൻ നിഥിലൻ സാമിനാഥൻ മഹാരാജ 2 ന്റെ തിരക്കഥ പൂർത്തിയാക്കി, ഉടൻന്നെ കേൾക്കാനായി ഞാൻ ആവേശത്തിലാണ്' ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു. മഹാരാജ എന്ന ചിത്രം ചെന്നൈയിലെ ഒരു ബാർബർ തന്റെ സ്റ്റീൽ ഡസ്റ്റ്ബിൻ 'ലക്ഷ്മി' മോഷ്ടിക്കപ്പെട്ടതായി പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിന്റെ കഥയാണ് പറയുന്നത്. ഈ വിചിത്രമായ പരാതി ആദ്യം പൊലീസിനെ വലയ്ക്കുന്നു. പിന്നീടാണ് അവർ മനസ്സിലാക്കുന്നത്, വീട്ടിൽ അതിക്രമിച്ചു കയറി തന്‍റെ മകളെ ക്രൂരമായി ആക്രമിച്ച മൂന്ന് കുറ്റവാളികളെ വേട്ടയാടാനുള്ള ഒരു തന്ത്രമാണ് പരാതി എന്ന്. മകളെ ആക്രമിച്ചവരോട് അച്ഛൻ എങ്ങനെ പ്രതികാരം ചെയ്യുന്നു, ഒടുവിൽ നീതി ലഭിക്കുമോ എന്നതാണ് കഥയുടെ കാതൽ.
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിൽ വില്ലനായി എത്തിയത്. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, കൽക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.