‘മഹാഭാരതം’ എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തോന്നുന്ന രീതിയിലായിരിക്കും, ആരെയും നിരാശപ്പെടുത്തില്ല ; ആമിർ ഖാൻ
ആഗോള പ്രശസ്തമായ ‘ലോർഡ് ഓഫ് ദ റിങ്‌സ്’, ‘അവതാർ’ തുടങ്ങിയ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ‘മഹാഭാരതം’ വെള്ളിത്തിരയിലെത്തിക്കാൻ താൻ ഒരുങ്ങുന്നതായി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതം സിനിമയാക്കുന്നത് തന്റെ സ്വപ്നമാണെന്നും എന്നാൽ അത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഒരു അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
മഹാഭാരതം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. മുത്തശ്ശിമാരിൽ നിന്ന് കഥ കേൾക്കാത്തവരോ ഭഗവദ്ഗീതയെക്കുറിച്ച് അറിയാത്തവരോ ആയ ഇന്ത്യക്കാർ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ സിനിമ തിരക്കിട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഈ സിനിമ ചെയ്യുകയാണെങ്കിൽ അത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തോന്നുന്ന രീതിയിലായിരിക്കും. ഹോളിവുഡ് വിസ്മയങ്ങളെപ്പോലെ ലോകനിലവാരത്തിൽ തന്നെ ഇത് ഒരുക്കും ആമിർ ഖാൻ പറഞ്ഞു.
മഹാഭാരതം ആമിർ ഖാന്റെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായിരിക്കുമെമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം മറ്റൊന്നും ചെയ്യാൻ ഉണ്ടാവില്ല അത്രയും വലിയ വിഷയമാണിതെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. ശരിയായ രീതിയിൽ സിനിമ പൂർത്തിയാക്കാൻ താൻ ആവശ്യമായ സമയമെടുക്കുമെന്നും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.